|    Jun 22 Fri, 2018 7:04 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം- മന്ത്രി

Published : 22nd October 2016 | Posted By: SMR

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിനു മുന്നോടിയായി എരുമേലിയിലും മറ്റ് അനുബന്ധ സ്ഥലങ്ങളിലും നടത്തുന്ന ഒരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ദേവസ്വം, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. എരുമേലി ദേവസ്വം ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. ശേഷിക്കുന്ന കാര്യങ്ങള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തീര്‍ത്ഥാടകര്‍ക്കായി കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടി ഉണ്ടാവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മുക്കൂട്ടുതറ-പമ്പാവാലി റൂട്ടില്‍ കണമല ഭാഗത്തെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനു മുക്കൂട്ടുതറയില്‍ നിന്ന് എരുത്വാപുഴ-കീരിത്തോട് വഴി പമ്പാവാലിയിലേയ്ക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു നടപടി എടുക്കണമെന്ന് പൊതുമരാത്ത് നിരത്ത് വിഭാഗത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണി 61 ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തിയാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും അപകടം ഉണ്ടാക്കുന്ന രീതിയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും നടപടിയെടുക്കും. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും തീര്‍ത്ഥാടകരുടെയും വാഹനങ്ങളുടേയും തിരക്കു നിയന്ത്രിക്കുന്നതിനും പോലിസിന്റെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ പോലിസ് എയ്ഡ് പോസ്റ്റുകള്‍ തുറക്കുകയും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പോലിസ്, പഞ്ചായത്ത്, എക്‌സൈസ്, ആരോഗ്യം, റവന്യൂ, ഭക്ഷ്യ-സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ഊര്‍ജിതപ്പെടുത്തും. തീര്‍ത്ഥാടകര്‍ക്കെതിരായ ചൂഷണം ഇല്ലാതാക്കാന്‍ ഓട്ടോ-ടാക്‌സി നിരക്ക് നിശ്ചയിച്ച് പ്രസിദ്ധീകരിച്ചതായി റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. വിവിധ വകുപ്പകളുടെ പ്രവര്‍ത്തനം ഏകോകിപ്പിക്കുന്നതിന് എരുമേലി കേന്ദ്രമായി കണ്‍ട്രോള്‍ റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും വൈദ്യുതി വകുപ്പും നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിലധികം ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി എരുമേലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിലവിലുള്ള സ്ഥലത്ത് നിന്നു മാറ്റുന്ന കാര്യത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്റ്, കെഎസ്ആര്‍ടിസി, പോലിസ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്നു തീരുമാനം എടുക്കും. റോഡ് അപകട മേഖലയായ കണമല ഭാഗത്ത് ആരോഗ്യ വകുപ്പ് താല്‍ക്കാലിക ട്രോമാ കെയര്‍ സെന്റര്‍ തുറക്കുമെന്ന് ഡിഎംഒ അറിയിച്ചു. തീര്‍ത്ഥാടന കാലത്ത് ഉണ്ടായേക്കാവുന്ന പ്രത്യേക സാഹചര്യം നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ ജീവനക്കാരെയും ജില്ലയില്‍ നിയോഗിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കി വിദഗ്ധ ചികില്‍സാ സൗകര്യം ഒരുക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതരും അറിയിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കായുള്ള കേന്ദ്ര  സര്‍ക്കാരിന്റെ പ്രസാദ് പദ്ധതി പ്രകാരം ശബരിമലയ്ക്കു ലഭിച്ച 99.98 കോടി രൂപയില്‍ 2.5 കോടി രൂപ എരുമേലിയില്‍ തീര്‍ത്ഥാടന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. ഹൈക്കോടതിയുടെ അനുമതി ആവശ്യമുളളതിനാല്‍ ഇത് സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ച് അടുത്ത വര്‍ഷത്തോടെ പരിപാടി നടപ്പാക്കാനാണ് തീരുമാനം. തീര്‍ത്ഥാടന ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തല്‍ നടത്തുന്നതിന് ഈ മാസം 29ന് ശബരിമലയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. ജില്ലയിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം അടുത്ത മാസം ചേരുമെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ സി എ ലത, ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ രാഘവന്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി എസ് കൃഷ്ണകുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss