|    Nov 19 Mon, 2018 7:47 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടക ക്ഷേമത്തിനും കിഫ്ബിയുടെ സഹായം

Published : 7th September 2017 | Posted By: fsq

 

പത്തനംതിട്ട: ശബരിമല തീര്‍ഥാടക ക്ഷേമത്തിന് 175 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ തീര്‍ത്ഥാടക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവതരിപ്പിച്ച ആയങ്ങള്‍ക്ക് അനുസൃതമായുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ കിഫ്ബിയുടെ ഫണ്ട് അനുവദിച്ചിട്ടുള്ളത്.   2016-17ലെ ബജറ്റില്‍ 150 കോടി രൂപയും ഇത്തവണത്തെ ബജറ്റില്‍ 25 കോടി രൂപയും വകയിരുത്തിയിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശബരിമല ഉന്നതാധികാരി സമിതി ചെയര്‍മാന്‍ കെ ജയകുമാര്‍, രാജു ഏബ്രഹാം എംഎല്‍എ ചര്‍ച്ച ചെയ്താണ് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ആര്‍ക്കിടെക് ജി മഹേഷ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍പോറ്റി അടങ്ങുന്ന ടെക്‌നിക്കല്‍ ടീമാണ് മാസ്റ്റര്‍ പ്ലാനിന് അനുസൃതമായ പദ്ധതികള്‍ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.  സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതമായി ലഭിച്ച 25 കോടി രൂപ ഉപയോഗിച്ച് നിലയ്ക്കലില്‍ അഞ്ച് കോടി രൂപയുടെ ബയോഗ്യാസ് പ്ലാന്റും അനുബന്ധ സൗകര്യങ്ങളും, നിലയ്ക്കലില്‍ 3.5 കോടി രൂപയുടെ ടോയ്‌ലറ്റ് കോംപ്ലക്‌സ്, പമ്പ മണല്‍പ്പുറം സംരക്ഷിക്കുന്നതിനായി മുന്നു കോടി രൂപയുടെ പദ്ധതിയും ഞുണങ്ങാറില്‍ ചെക് ഡാമും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനായി 7.5 കോടി രൂപയും പാണ്ടിത്താവളത്ത് ആറ് കോടി രൂപയുടെ വാട്ടര്‍ ടാങ്കുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളത്ത് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുമ്പോള്‍ ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കായി ടാങ്കിന് മുകളില്‍ ഹെലികോപ്റ്റര്‍ താഴ്ത്താനുളള സൗകര്യവും ഉണ്ടായിരിക്കും. നിലയ്ക്കലില്‍ പോലിസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി ഇരുനിലകളിലായി 140 ടോയ്‌ലറ്റുകള്‍ അടങ്ങുന്ന ബ്ലോക്ക് നിര്‍മിക്കും. 1.5 ടണ്‍ കപ്പാസിറ്റിയുള്ള ബയോഗ്യാസ് പ്ലാന്റും നിലയ്ക്കലില്‍ നിര്‍മിക്കും.അതിന്റെ പ്രവര്‍ത്തനം അനുസരിച്ച് പോലിസ് മെസിന് സമീപം ഹോട്ടലുകള്‍ക്കായി 2.5 ടണ്‍ കപ്പാസിറ്റിയുളള മറ്റൊരു പ്ലാന്റും നിര്‍മിക്കാന്‍ ഉദ്ദേശമുണ്ട്. പമ്പയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (40 കോടി), നിലയ്ക്കല്‍ പാര്‍ക്കിങ് 95 കോടി), റാന്നിയിലെ ശബരിമല ഇടത്താവള പാര്‍ക്കിങ്് 95 കോടി), നിലയ്ക്കല്‍ ഇടത്താവളം (35 കോടി), ശബരിമല ഇടത്താവളങ്ങളായ പമ്പാവാലി (20 കോടി), ഏരുമേലി (20 കോടി), കീഴില്ലം (20 കോടി) എന്നിങ്ങനെ 150 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ കിഫ്ബി യുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 18,000 പേര്‍ക്ക് വിരിവയ്ക്കുന്നതിനും ഓരേ സമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും ഉള്ള സൗകര്യം ഓരോ ഇടത്താവളത്തിലും ഒരുക്കും. അന്യസംസ്ഥാനത്തു നിന്നും എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള ഇടം എന്ന നിലയില്‍ കീഴില്ലം ഇടത്താവളം ഉയര്‍ത്തും. നിലയ്ക്കലിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി 15 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നിലയ്ക്കല്‍ പ്രധാന ബേസ്‌മെന്റ് ക്യാമ്പായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 50 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ ടാങ്കാണ് നിര്‍മിക്കുന്നത്. നിലയ്ക്കലിലെ ചെക്ക് ഡാമിന്റെ ശേഷി വര്‍ധിപ്പിക്കും. നിലയ്ക്കലില്‍ 10 അടി താഴ്ചയുള്ള ഡ്രെയിനേജ് സംവിധാനവും ഒരുക്കും. ശബരിമല സീസണ്‍ അല്ലാത്ത സമയത്തും ഒരു ക്യാമ്പിങ്് സെന്ററായി നിലയ്ക്കലിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി കണ്‍വന്‍ഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് നിലയ്ക്കലില്‍ ഏര്‍പ്പെടുത്തുക. സോളാര്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. രാജു ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ചാണ് 150 കോടി രൂപയുടെ പ്രവൃത്തികള്‍ കിഫ്ബിക്ക് കൊടുത്തതും ഇപ്പോള്‍ കിഫ്ബിയുടെ അംഗീകാരം ലഭിച്ചതും. നേരത്തേ അനുവദിച്ച 25 കോടി രൂപയുടെ            നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss