|    Jan 22 Sun, 2017 10:01 pm
FLASH NEWS

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ 26പേര്‍ക്കു പരിക്ക്

Published : 16th September 2016 | Posted By: SMR

ളാഹ: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു തമിഴ്‌നാട് സ്വദേശികളായ 26 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് ളാഹ വിളക്കുവഞ്ചി കൊടുംവളവിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന ബസ് വളവിലെത്തിയപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പാതയുടെ നടുവിലേക്കു തെന്നി മറിയുകയായിരുന്നുവെന്ന് പെരുനാട് പോലിസ് പറഞ്ഞു.
കാഞ്ചീപുരം സ്വദേശികളായ രാജേഷ് കണ്ണന്‍ (40), രമേശ് ബാബു (67), വെങ്കിടേഷ് (63) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാഞ്ചീപുരം സ്വദേശികളായ ശങ്കരന്‍ (34), ലക്ഷ്മിദേവി (69), സുരേഷ് കണ്ണന്‍ (48), അനില്‍ ഗുപ്ത (59), മുകേഷ് (39), സുരേഷ് (56), ബാലാജി (45), നരേഷ് (17), ബാലാജി (40), മുരളി കണ്ണന്‍ (42), രമേശ് (43), ലളിത (60), സച്ചിന്‍ (11), വസന്തകുമാരി (60), മുകുന്ദ് (12) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  മറ്റുള്ളവര്‍ക്ക് നിസാര പരിക്കേയുള്ളു.
47 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ ബസ് 15 മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. കാഞ്ചീപുരത്തു നിന്ന് തീവണ്ടിയില്‍ ചെങ്ങന്നൂരിലെത്തിയ സംഘം അവിടെ നിന്ന് ബസ് വാടകക്കെടുത്താണ് പമ്പയിലേക്കു പോയത്.  ചെങ്ങന്നൂര്‍ പെരിങ്ങാലിക്കുളം അയിഷ ടൂര്‍സ് ആന്റ് ട്രാവല്‍സ്സന്റ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പെരുനാട് പൊലിസും ചേര്‍ന്ന് ബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ത്താണ് ബസിലുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പൊലിസ് ജീപ്പുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചത്.
സീതത്തോട്, പത്തനംതിട്ട, പമ്പ അഗ്നിശമനസേന യൂനിറ്റുകളെത്തി ഉച്ചകഴിഞ്ഞ് ഒന്നിന് ബസ് ഉയര്‍ത്തി ആരും അടിയില്‍പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തി. അപകടത്തില്‍ ബസ് ഭാഗികമായി തകര്‍ന്നു. ഡ്രൈവര്‍ സീറ്റും കാബിനും പൂര്‍ണമായി നശിച്ചു. യാത്രക്കാരുടെ സീറ്റുകള്‍ ഇളകിമാറി.
അപകടം നടക്കുമ്പോള്‍ ഇരുവശത്തു നിന്നും വാഹനങ്ങള്‍ വരാഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പെരുനാട് എസ്‌ഐ റിജില്‍ എം തോമസ്, എസ്‌ഐ തമ്പിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ടം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക