|    Dec 14 Fri, 2018 8:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

Published : 13th November 2018 | Posted By: kasim kzm

പത്തനംതിട്ട: സ്ത്രീപ്രവേശനത്തിലെ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന ശബരിമലയില്‍ തീര്‍ഥാടകര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം വരുന്നു. മണ്ഡല, മകരവിളക്ക് കാലയളവില്‍ കാല്‍നടയായി വരുന്ന തീര്‍ത്ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പോലിസ് ആരംഭിച്ചു.
എരുമേലിയില്‍ നിന്നു കാല്‍നടയായി കാനനപാതയിലൂടെ സന്നിധാനത്തേക്കു വരുന്ന തീര്‍ത്ഥാടകര്‍ക്കാവും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പോലിസ് തയ്യാറാക്കിയ പാസ് നല്‍കും. ഇതു ധരിച്ചു വേണം കാനനപാതയിലൂടെ തീര്‍ത്ഥാടകര്‍ക്കു സന്നിധാനത്തേക്കു പോവാന്‍. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ പോലിസ് ആരംഭിച്ചു. തുലാമാസ പൂജയ്ക്കും ചിത്തിരാട്ട പൂജയ്ക്കും നടതുറന്നപ്പോള്‍ ഭക്തര്‍ കാനനപാതവഴി എത്തിയിരുന്നില്ല. എന്നാല്‍ തീര്‍ത്ഥാടന കാലത്ത് നൂറുകണക്കിന് ഭക്തരാണ് കാനനപാതയിലൂടെ ശബരിമലയിലേക്ക് എത്തുന്നത്. യുവതീപ്രവേശ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലിസ് നടപ്പാക്കുന്ന കര്‍ശന ഉപാധികള്‍ ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന വിമര്‍ശനമുണ്ട്.
അതേസമയം, ശബരിമലയില്‍ മണ്ഡലകാലത്തെ സുരക്ഷാ സംവിധാനത്തില്‍ അടിമുടി മാറ്റംവരുത്തിയേക്കും. ഇപ്പോഴുള്ള പോലിസ് വിന്യാസം കൊണ്ട് യുവതീപ്രവേശം സാധ്യമാവില്ലെന്ന വിലയിരുത്തലിലാണു പോലിസ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെയും ഐജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി. ഇന്നത്തെ കോടതി തീരുമാനത്തിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss