|    Feb 23 Thu, 2017 5:33 pm

ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മിനി പമ്പയില്‍ ഒരുക്കം തുടങ്ങി

Published : 2nd November 2016 | Posted By: SMR

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടുത്ത് ഭാരതപ്പുഴയോടു ചേര്‍ന്ന് ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ എ ഷൈന മോളുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നവംബര്‍ 16 ന് (വൃശ്ചികം ഒന്ന്) മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി നവംബര്‍ 11നകം എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മിനി പമ്പയോട് ചേര്‍ന്ന് ഭാരതപ്പുഴയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടത്ര വെള്ളമില്ലാത്ത സാഹചര്യത്തില്‍ ഇവിടെ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ യോഗം തീരുമാനിച്ചു.  ഇതിന് തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍കൈയ്യെടുക്കും. കടവില്‍ കുളിക്കാനിറങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടവിനരികല്‍ സുരക്ഷാവേലി സ്ഥാപിക്കുകയും 10 ലൈഫ് ഗാര്‍ഡുകളെയും നിയോഗിക്കുകയും ചെയ്യും. സീസണ്‍ അവസാനിക്കുന്നത് വരെ ബോട്ട് സര്‍വീസ് ലഭ്യമാക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കും. പോലിസ് ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുകയും ആവശ്യത്തിന് പോലിസുകാരെ വിന്യസിക്കുകയും ചെയ്യും. അഗ്നിശമന സേനയുടെ സേവനവും ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും മുഴുവന്‍ സമയം സ്ഥലത്തുണ്ടാകും. പ്രദേശത്തെ കിണര്‍ വൃത്തിയാക്കുന്നതിനും വെള്ളത്തിന്റെ ഗുണമേ• ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പരിസരത്തെ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും. കിണറിലെ ജലം കുടിക്കാന്‍ മാത്രം ഉപയോഗപ്പെടുത്തി പാത്രങ്ങള്‍ കഴുകുന്നതിനും മറ്റും പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തും. മാലിന്യ നിര്‍മാര്‍ജനത്തിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കും. പ്രദേശം പ്ലാസ്റ്റിക്- ലഹരി മുക്തമാണെന്ന് ഉറപ്പാക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള 34 ടോയ്‌ലെറ്റുകള്‍ കൂടാതെ മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. പ്രദേശത്ത് കൂടുതല്‍ വെളിച്ച സംവിധാനം ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യമുണ്ടാക്കും. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് മിനി പമ്പയില്‍ നിന്നും ചമ്രവട്ടത്ത് നിന്നും ആരംഭിക്കാന്‍ ആവശ്യപ്പെടും.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഓഫി സറായി ഡെപ്യൂട്ടി കലക്ടര്‍ ശിവശങ്കര്‍ പ്രസാദിനെയും കോഡിനേറ്ററായി പൊന്നാനി താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാറെയും ചുമതലപ്പെടുത്തി.  തവനൂര്‍ എംഎല്‍എ കൂടിയായ മന്ത്രി കെടി ജലീലിന്റെ പ്രതിനിധി പി മന്‍സൂര്‍, എഡിഎം. പി സെയ്യിദ് അലി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുര്‍റഷീദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെസി മോഹനന്‍, ഡോ.ജെഒ അരുണ്‍, ശിവശങ്കര്‍ പ്രസാദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക