|    Dec 10 Mon, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമല: കേന്ദ്രസേനയെ ആവശ്യപ്പെടാന്‍ ആലോചന

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധി സര്‍ക്കാരിനെതിരേ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിയെ അതേ നാണയത്തില്‍ നേരിടാനൊരുങ്ങി എല്‍ഡിഎഫ്. കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണെന്നിരിക്കെ കേന്ദ്രസര്‍ക്കാരിനെ കൂടി അതിന്റെ ഭാഗമാക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് എല്‍ഡിഎഫ് രൂപം നല്‍കുന്നത്. നിലവില്‍ സംസ്ഥാന പോലിസ് ഒരുക്കുന്ന സുരക്ഷാ നടപടികളെ പ്രതിഷേധക്കാര്‍ പലരൂപത്തില്‍ മറികടക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
ഇതു ചൂണ്ടിക്കാട്ടി ശബരിമലയിലേക്ക് കേന്ദ്രസേനയെ ആവശ്യപ്പെടാനാണ് നീക്കം. കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയേക്കാവുന്ന ഈ ആവശ്യം നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇതുസംബന്ധിച്ച് എല്‍ഡിഎഫ് കക്ഷികള്‍ തമ്മില്‍ പ്രാഥമിക ചര്‍ച്ച നടന്നിരുന്നു. സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെങ്കില്‍ കേന്ദ്രസേനയെന്ന ആവശ്യം മുന്നോട്ടുവയ്ക്കാമെന്നാണ് നിലവിലെ ധാരണ.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന സമരം കലാപമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങള്‍ സംഘപരിവാര കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടെന്നാണ് ഇടതുനേതൃത്വത്തിലെ വിലയിരുത്തല്‍. മനപ്പൂര്‍വം പ്രശ്‌നങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കുമ്പോള്‍ സംസ്ഥാന പോലിസ് അതില്‍ വീണുപോവുന്നു. ഇതോടെ, പോലിസ് ഭക്തര്‍ക്കെതിരാണെന്ന പൊതുവികാരം സൃഷ്ടിക്കാന്‍ ആര്‍എസ്എസിന് സാധിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസേനയുടെ സാധ്യതയെക്കുറിച്ച് ഇരുകൂട്ടരും ചര്‍ച്ച ചെയ്തത്.
സാവകാശ ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സംഘപരിവാര പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കും. അപ്പോഴത്തെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ശബരിമലയില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തണമെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസേനയെ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് എല്‍ഡിഎഫിലെ നിലപാട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss