|    Dec 14 Fri, 2018 11:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: കേന്ദ്രമന്ത്രിയും എസ്പിയും തമ്മില്‍ വാഗ്വാദം

Published : 22nd November 2018 | Posted By: kasim kzm

നിലയ്ക്കല്‍: നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തതിനെതിരേ രംഗത്തുവന്ന കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാദങ്ങളുടെ മുനയൊടിച്ച് എസ്പി യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമെങ്കില്‍ സ്വകാര്യവാഹനങ്ങള്‍ക്കു പോവാന്‍ അനുമതി നല്‍കാമെന്ന എസ്പി യതീഷ് ചന്ദ്രയുടെ മറുപടിയിലാണ് പൊന്‍രാധാകൃഷ്ണന്‍ പതറിയത്.
ബിജെപി നേതാക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പോലിസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ പോവാമെന്നുമായിരുന്നു പോലിസ് നിലപാട്. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ മന്ത്രി, പോലിസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു പമ്പയിലേക്ക് പോവാമെങ്കില്‍ മറ്റു വാഹനങ്ങള്‍ക്ക് എന്തുകൊണ്ട് പോയിക്കൂടാ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പ്രളയത്തെ തുടര്‍ന്ന് പാര്‍ക്കിങിന് സൗകര്യമില്ലെന്നും മറ്റു വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവുമെന്നും എസ്പി കേന്ദ്രമന്ത്രിയെ അറിയിച്ചു. കേന്ദ്രമന്ത്രി രേഖാമൂലം ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും ട്രാഫിക് കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എസ്പി പറഞ്ഞു. എന്നാല്‍, അതിനാവില്ലെന്നു മന്ത്രി പ്രതികരിച്ചു. ഇതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നമെന്ന് എസ്പി തിരിച്ചടിച്ചു.
ഈ സമയത്ത്, പോലിസ് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാതെ മന്ത്രിയോട് മോശമായി പെരുമാറുന്നോ എന്നു ചോദിച്ച് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജന. സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ രോഷാകുലനായി. പിന്നീട് ഒപ്പമുണ്ടായിരുന്നവരെയും കൂട്ടി കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലെത്തിയ മന്ത്രി ഇവിടെയും തീര്‍ത്ഥാടകരുമായി സംസാരിച്ചു.
അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss