|    Dec 10 Mon, 2018 10:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമല: കേന്ദ്രനേതാക്കള്‍ പരസ്യനിലപാട് എടുക്കുന്നില്ല; സംസ്ഥാന ബിജെപി നേതാക്കള്‍ വെട്ടില്‍

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് നേടാനുള്ള അവസരമായി കാണുന്ന ശബരിമല സമരത്തിനു കേന്ദ്ര നേതൃത്വം പരസ്യമായി അനുകൂലിക്കാത്തത് സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് തിരിച്ചടിയാവുന്നു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ മികച്ച അവസരമായി കണ്ടു കേരളത്തിലെ സംഘപരിവാര നേതാക്കളുടെ അഹോരാത്രം മല കയറലും ജയില്‍വാസം വരിക്കലുമെല്ലാം കേന്ദ്ര നേതാക്കളുടെ മനസ്സില്‍ ഇടംപിടിക്കുമെന്ന മോഹങ്ങള്‍ക്കാണ് തിരിച്ചടിയാവുന്നത്. സുപ്രിംകോടതി വിധിയെ എങ്ങനെ പരസ്യമായി എതിര്‍ക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. സുപ്രിംകോടതി വിധിയായതിനാല്‍ ശബരിമല പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാവില്ലെന്ന നിലപാട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്നാണ് രാജ്‌നാഥ് സിങിന്റെ നിലപാട്.
സംഭവത്തില്‍ ചിലയാളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. “കഴിഞ്ഞ ദിവസം, താന്‍ കേരള ഗവര്‍ണറുമായി സംസാരിച്ചിരുന്നു. സുപ്രിംകോടതി വിധിയായതിനാല്‍ നമുക്കെന്തു പറയാനാവും? ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം’ എന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയതിനു പിന്നാലെയുള്ള പ്രതികരണമാണ് രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ട് സമരത്തിനു മുന്നിട്ടിറങ്ങിയവരെ ഞെട്ടിച്ചിരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി അപ്രതീക്ഷിത വ്യക്തികള്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ നല്‍കുന്ന അമിത്ഷാ തന്ത്രം ഇനിയും ആവര്‍ത്തിക്കുമെന്നു കരുതി അപ്രമുഖരായ പല ഹിന്ദുത്വ നേതാക്കളും സമരങ്ങളുടെ മുന്‍നിരയിലുണ്ട്.
കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തി ശബരിമലയില്‍ സമരം ശക്തമാക്കാനും സംസ്ഥാനത്തെ ഇതരസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിലപാട് പുറത്തുവന്നത്. അഖിലേന്ത്യാ തലത്തില്‍ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സമരപരമ്പരയ്ക്കു ശേഷവും പ്രധാനമന്ത്രിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്തത് പ്രാദേശിക നേതാക്കളെ കുഴയ്ക്കുന്നുണ്ട്. അതിനിടെ, സമരം സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുന്നതിലുള്ള ആശങ്കയും ഹിന്ദുത്വ നേതാക്കള്‍ക്കുണ്ട്. സമരം സ്ത്രീവിരുദ്ധമല്ലെന്നും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാണെന്നും വിശദീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ശ്രമിച്ചത് ആ പശ്ചാത്തലത്തിലാണ്. ഇതിനിടെ, സമരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുന്‍പന്തിയിലുണ്ടായിരുന്ന പലരും പിന്നിലേക്ക് ഉള്‍വലിയുന്നത് അണികള്‍ക്കും നേതൃത്വത്തിനും ആശങ്കയുളവാക്കിയിരുന്നു. കേന്ദ്രസേനയെ സഹായത്തിനെത്തിച്ചു സമരത്തെ നേരിടാന്‍ പിണറായി സര്‍ക്കാര്‍ ഇതിനിടെ ആലോചിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss