|    Aug 23 Wed, 2017 4:12 am
FLASH NEWS

ശബരിമല ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: കലക്ടര്‍

Published : 6th September 2016 | Posted By: SMR

കോട്ടയം:    ശബരിമല തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു കലക്ടര്‍ സി എ ലത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
മുന്നൊരുക്കങ്ങള്‍ നവംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടകരുടെ ജില്ലയിലെ പ്രധാന കേന്ദ്രമായ എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് വിവിധ വകുപ്പുകളുടെ ശരിയായ ഏകോപനം ഉണ്ടാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പോലിസ് വകുപ്പ് എടുക്കണം. തീര്‍ത്ഥാടന കാലം ആരംഭിക്കുമ്പോള്‍ തന്നെ എരുമേലിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മൊബൈല്‍ പട്രോളിങ് ശക്തിപ്പെടുത്തുമെന്നും ദ്രുതകര്‍മ സേനയുടെ സേവനം ഉറപ്പാക്കുമെന്നും പോലിസ് അധികൃതര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ശുചീകരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി നടപടി സ്വീകരിക്കണം. പ്ലാസ്റ്റിക് നിരോധിത മേഖലകളില്‍ നിരോധനം കര്‍ശനമായി നടപ്പാക്കണം.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും ശരിയായ വൈദ്യുതി വിതരണം ഉറപ്പ് വരുത്തുന്നതിന് വൈദ്യുത ബോര്‍ഡിനും നിര്‍ദേശം നല്‍കി. തെരുവു വിളക്കുകളുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വൈദ്യുതി ബോര്‍ഡുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. റോഡുകളില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം വിവിധ ഭാഷകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നടപടിയുണ്ടാവണം. തീര്‍ത്ഥാടകര്‍ ഇറങ്ങുന്ന കുളിക്കടവുകളില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
പ്രധാന കേന്ദ്രങ്ങളില്‍ ഹൃദ്‌രോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുളള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും മറ്റ് ചികില്‍സാ സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും  നിര്‍ദേശിച്ചു. വ്യാപാര  സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പു വരുത്തണം.
ഇതിനായി ജില്ലാ സപ്ലൈ ഓഫിസര്‍ നടപടി സ്വീകരിക്കണം. പരമ്പരാഗത നടപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു വനം വകുപ്പ് അധികൃതരാണ്  നടപടി സ്വീകരിക്കേണ്ടത്. എഡിഎം പി അജന്തകുമാരി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക