|    Dec 15 Sat, 2018 6:15 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ശബരിമല ഉത്തരവിന്‍മേലുള്ള പ്രതികരണങ്ങള്‍

Published : 20th November 2018 | Posted By: kasim kzm

അഡ്വ. എസ് എ കരീം

കേരളത്തില്‍ ഇപ്പോള്‍ തീപ്പിടിച്ചിരിക്കുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം. 2018 സപ്തംബര്‍ 28നാണ് 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായത്. സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു ആ തീരുമാനമെടുത്തത്. കൂടെയുണ്ടായിരുന്നത് ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു. 1990ല്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് പരിപൂര്‍ണനാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രപ്രവേശനം നിരോധിച്ചത്. ഈ രണ്ട് ഉത്തരവുകള്‍ തമ്മിലുള്ള ദൂരം 28 വര്‍ഷമാണ്. 1990നു മുമ്പ് പ്രായത്തിന്റെ പേരിലുള്ള സ്ത്രീവിവേചനം നിലവിലില്ലായിരുന്നു. ജസ്റ്റിസ് പരിപൂര്‍ണന്റെ വിധിക്കുശേഷമാണ് അയ്യപ്പന്‍ നിത്യബ്രഹ്്മചാരിയാണെന്നും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീസാന്നിധ്യം ക്ഷേത്രത്തെ അശുദ്ധമാക്കുമെന്നും കഥകളും ഉപകഥകളുമുണ്ടായത്.
സപ്തംബര്‍ 28ലെ വിധിയെ തുടര്‍ന്ന് അതു പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 49 റിവ്യൂ ഹരജികളും മൂന്ന് റിട്ട് ഹരജികളും കോടതി മുമ്പാകെ എത്തി. അവ കേട്ട് ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. ചട്ടപ്പടി മാത്രമേ റിവ്യൂ പരിഗണിക്കാന്‍ സാധിക്കുകയുള്ളു എന്ന സമീപനമാണു കോടതി സ്വീകരിച്ചത്. അതില്‍ നിന്നു നിഷ്പക്ഷമതികള്‍ മനസ്സിലാക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളും അയ്യപ്പഭക്തരും കാണുന്ന പ്രാധാന്യം കോടതി കാണുന്നില്ല എന്നുതന്നെയാണ്. അങ്ങനെ നവംബര്‍ 9ന് റിവ്യൂ ഹരജികള്‍ പിന്നീട് ചീഫ്ജസ്റ്റിസായി വന്ന രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. ആ സിറ്റിങില്‍ ചീഫ്ജസ്റ്റിസും മറ്റു മൂന്നു ജഡ്ജിമാരുമാണു പങ്കെടുത്തത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി തിരുത്തുന്നത് പരിശോധിക്കുന്നത് ഒരിക്കലും അഞ്ചംഗത്തില്‍ കുറഞ്ഞ അംഗങ്ങള്‍കൊണ്ടാവുകയില്ല. ചേംബര്‍ സിറ്റിങ് റിവ്യൂ ഹരജിയും റിട്ട് ഹരജിയും തീരുമാനിക്കുന്നത് 2019 ജനുവരി 22ലേക്കു മാറ്റി. ഇതിനിടയില്‍ നവംബര്‍ 17ന് ശബരിമലയില്‍ മണ്ഡലപൂജ തുടങ്ങി. അതു ജനുവരി 20ന് അവസാനിക്കും. ശബരിമല ക്ഷേത്രപരിപാടികള്‍ക്കു ശേഷമേ എല്ലാവര്‍ക്കം ലിംഗഭേദമെന്യേ ക്ഷേത്രത്തില്‍ കടക്കാന്‍ പുറപ്പെടുവിച്ച ഉത്തരവു പുനപ്പരിശോധിക്കുകയുള്ളൂ. ഇതിനിടയില്‍ സപ്തംബര്‍ 28ലെ ഉത്തരവു നടപ്പാക്കുന്ന കാലാവധി മണ്ഡലപൂജയ്ക്കു ശേഷം ആക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു. അതും നടക്കാത്ത കാര്യമാണ്. കോടതി ഒരിക്കല്‍ ഇട്ട ഉത്തരവു നടപ്പാക്കുന്നത് കുറച്ചു ദിവസം കഴിഞ്ഞു മതി എന്ന വാദം തന്നെ ഒരു സ്‌റ്റേ ഉത്തരവു സമ്പാദിക്കലാണ്. ഇതിനെയാണ് പിന്‍വാതില്‍ ഉത്തരവെന്നു പറയുന്നത്. അന്തിമമായാണ് സുപ്രിംകോടതി ലിംഗഭേദമെന്യേ ശബരിമലയില്‍ പ്രവേശിക്കാമെന്ന് ഉത്തരവു പുറപ്പെടുവിച്ചത്. ഒരു അന്തിമ ഉത്തരവ് നടപ്പില്‍ വരുന്ന തിയ്യതി മാറ്റണമെന്നു പറയുന്നതുതന്നെ ഉത്തരവ് അസ്ഥിരപ്പെടുത്താനുള്ള നിഗൂഢമായ ഒരു തന്ത്രമാണ്. അതിന് സുപ്രിംകോടതി വഴങ്ങാന്‍ സാധ്യതയില്ല. ഒരു പൗരന് എവിടെയും എന്തിനും പരാതി കൊടുക്കാന്‍ അവകാശമുണ്ട്. അതിനപ്പുറത്ത് ജനുവരി 22നു മുമ്പ് ഒരു ചര്‍ച്ച സുപ്രിംകോടതിയില്‍ വരാന്‍ സാധ്യതയില്ല. ഏറിയാല്‍ ഈ അപേക്ഷയും ജനുവരി 22നു പരിഗണിച്ചു എന്നു വരാം.
റിവ്യൂ ഹരജികള്‍ ജനുവരി 22ന് മാറ്റിക്കൊണ്ട് ഉത്തരവുണ്ടായപ്പോള്‍ സമരമുഖത്തുള്ള എല്ലാവരും അവരുടെ വിജയമായിട്ടാണു വ്യാഖ്യാനിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തി നവംബര്‍ 2ന് പത്തനംതിട്ടയില്‍ അവസാനിച്ചു. വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി, നായര്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയ ഹിന്ദുസംഘടനകളെല്ലാം 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല സന്ദര്‍ശനം നടത്തരുത് എന്ന് ആഗ്രഹിക്കുന്നവരും അതിനുവേണ്ടി സമരം ചെയ്യുന്നവരുമാണ്. അവരുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെയാണ്. വിശ്വാസികളുടെ വിശ്വാസം രക്ഷിക്കുക. എല്ലാ സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിക്കണമെന്നു പറയുന്നതും വിശ്വാസികളാണ്. 10നും 50നും മധ്യേ പ്രായമുള്ളവര്‍ ക്ഷേത്രത്തില്‍ പോവരുതെന്നു പറയുന്നതും വിശ്വാസികളാണ്. സര്‍ക്കാരും പറയുന്നത് വിശ്വാസികളുടെ അവകാശം സംരക്ഷിക്കുമെന്നതാണ്. ബിജെപി, എന്‍എസ്എസ് സംഘടനകളും തന്ത്രിസമൂഹവും പന്തളം കൊട്ടാര അംഗങ്ങളും പറയുന്നതും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നാണ്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ലിംഗഭേദമെന്യേയുള്ള വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നു. ബിജെപിയും എന്‍എസ്എസും മറ്റു ഹിന്ദുസംഘടനകളും 10നും 50നും മധ്യേ പ്രായമുള്ളവരെ ഒഴിവാക്കിയാണ് വിശ്വാസികള്‍ എന്നു പറയുന്നത്. ഈ രണ്ടു വിശ്വാസിസമൂഹങ്ങള്‍ക്കും സമാന്തര രേഖകള്‍പോലെ മാത്രമേ പോവാന്‍ സാധിക്കുകയുള്ളൂ. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss