|    Nov 20 Tue, 2018 8:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: ആചാരലംഘനം അനുവദിക്കില്ലപ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍

Published : 2nd November 2018 | Posted By: kasim kzm

കോട്ടയം: ശബരിമലയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ചേര്‍ന്ന വിവിധ സംഘപരിവാര, ഹൈന്ദവ സംഘടനകളുടെ യോഗം തീരുമാനിച്ചു. ശബരിമലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്തവര്‍ക്ക് നിയമസഹായവും മാനസികമായ പിന്തുണയും നല്‍കും. നിരപരാധികളായ അയ്യപ്പഭക്തരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും യോഗത്തിനുശേഷം കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയിലെ വിശ്വാസസംരക്ഷണത്തിനായി രണ്ടാംഘട്ട പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും യോഗത്തില്‍ തീരുമാനമായി. ഈ മാസം നാലിന് ഗ്രാമങ്ങള്‍തോറും ശരണഘോഷം നടത്തും. ഒന്നു മുതല്‍ നാലു വരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വീടുകള്‍തോറും ശരണഘോഷവും നിധിശേഖരണവും നടത്തും. അഞ്ച്, ആറ് തിയ്യതികളില്‍ കേരളത്തിലെ പ്രധാന നഗര കേന്ദ്രങ്ങളില്‍ ശരണമന്ത്ര നാമജപയജ്ഞം നടത്തും. അഞ്ചിന് വൈകീട്ട് മൂന്നിന് നട തുറക്കുന്നതു മുതല്‍ ആറിന് നട അടയ്ക്കുന്നതു വരെ യജ്ഞം തുടരും.
ഏഴു മുതല്‍ 10 വരെ ഗൃഹസമ്പര്‍ക്കവും ഒപ്പുശേഖരണവും നിധിശേഖരണവും 10, 11, 12 തിയ്യതികളില്‍ റവന്യൂ ജില്ലകളില്‍ വിശ്വാസസംരക്ഷണ സമ്മേളനങ്ങളും നടത്തും. സമാധാനപരമായി നാമജപയജ്ഞം നടത്താനാണ് ഉദ്ദേശിക്കുന്നത്. ശബരിമല സമരഭൂമിയാക്കാന്‍ താല്‍പര്യമില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ നേരത്തേ അക്രമം നടത്തിയത് പോലിസും സിപിഎമ്മിന്റെ ഗുണ്ടകളുമാണ്. പോലിസിന്റെ വേഷം കെട്ടിച്ച് ലാത്തി കൊടുത്തുവിടുകയാണ് ചെയ്തത്. പോലിസ് ഭക്തജനങ്ങളെ പ്രകോപിപ്പിച്ചതാണ് പ്രശ്‌നത്തിനു കാരണം.
ഈശ്വരവിശ്വാസിയല്ലാത്ത കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിലും ക്ഷേത്രാചാരങ്ങളിലും നിരന്തരമായി ഇടപെടുകയാണ്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം കലാപം സൃഷ്ടിക്കാന്‍ ഇടയാക്കും. രണ്ടാംഘട്ട പ്രക്ഷോഭത്തിന് എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള എല്ലാ ഹൈന്ദവസമൂഹത്തിന്റെയും പിന്തുണയുണ്ടെന്നും കര്‍മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ശബരിമല കര്‍മസമിതി മുഖ്യ സംയോജകന്‍ എസ് ജെ ആര്‍ കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സനുമായ കെ പി ശശികല, കര്‍മസമിതി സംയോജകന്‍ സ്വാമി അയ്യപ്പദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss