|    Jan 23 Mon, 2017 8:03 am
FLASH NEWS

ശബരിമല; ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല: ഉമ്മന്‍ചാണ്ടി

Published : 23rd August 2016 | Posted By: SMR

കോഴിക്കോട്: ശബരിമലയിലെ പ്രവേശനം അടക്കമുള്ള ആചാരാനുഷ്ഠാനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകടത്തരുതെന്നും ശബരിമല വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും യുഡിഎഫ് വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ആചാരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും അര്‍ഹതപ്പെട്ടവര്‍ അര്‍ഹമായ വേദികളില്‍ ഇരുന്നാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഓരോ ക്ഷേത്രങ്ങളിലും ചരിത്രപരമായ ഒരു നിലപാടുണ്ട്. എന്നാല്‍, ശബരിമലയടക്കമുള്ള ദേവസ്വം ബോര്‍ഡുകളിലെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവും കോണ്‍ഗ്രസ്സിലും ഐക്യജനാധിപത്യമുന്നണിയിലുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണിയിലെ കക്ഷികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നേതൃത്വം നല്‍കുന്ന കക്ഷിയായ കോണ്‍ഗ്രസ് അതിലിടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത് പോലെ, മറ്റു ഘടക കക്ഷികള്‍ക്കും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്താന്‍ അവകാശമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മറിച്ച് വഷളാക്കാനല്ല യുഡിഎഫില്‍ കക്ഷികള്‍ പരസ്പര ഇടപെടല്‍ നടത്തുന്നത്. പി സി ജോര്‍ജിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് മറുപടി പറയുന്നില്ലെന്നും അന്വേഷണം നടത്തിയാല്‍ മാധ്യമങ്ങള്‍ക്ക് നിജസ്ഥിതി വ്യക്തമാവുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക