|    Nov 20 Tue, 2018 10:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: അക്രമികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍

Published : 3rd November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള ഹിന്ദുസ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിക്കെതിരേ അക്രമമാര്‍ഗത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പോലിസ് വാഹനങ്ങളെയും കെഎസ്ആര്‍ടിസി ബസുകളെയും ആക്രമിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ശബരിമല തീര്‍ഥാടന കാലം ആരംഭിക്കുകയാണെന്നും ഇത്തരം കുറ്റവാളികള്‍ക്ക്് ജാമ്യം നല്‍കിയാല്‍ അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഒരു ചിത്രം മാത്രം വെച്ചാണ് കേസില്‍ തന്നെ പ്രതിയാക്കിയതെന്ന് ഗോവിന്ദ് മധുസൂദനന്‍ വാദിച്ചു. ഇയാള്‍ക്കെതിരേ മൊഴികളും മറ്റു തെളിവുകളുമുണ്ടെന്നും ചിത്രം തിരിച്ചറിയാന്‍ വേണ്ടി മാത്രമുള്ളതാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. തുടര്‍ന്നു മറ്റു തെളിവുകളും വീഡിയോ ദൃശ്യങ്ങളുമെല്ലാം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. പമ്പ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 17ാം പ്രതിയായ ഹരജിക്കാരന്‍ കഴിഞ്ഞ മാസം 25 മുതല്‍ ജയിലിലാണ്. ആക്രമണത്തില്‍ 1326500 രൂപയുടെ നഷ്ടമുണ്ടായെന്ന് പോലിസ് പറഞ്ഞു.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ 10നും 50നും പ്രായമുള്ള ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പോലിസാണെന്നും അവര്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ശിവദാസന്‍ എന്നയാള്‍ മരിച്ചത് പോലിസ് നടപടിയിലാണെന്ന് ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇയാള്‍ അപകടത്തില്‍ മരിച്ചതാണെന്നാണ് ഇതുവരെ മനസിലായിട്ടുള്ളതെന്ന് കോടതി പറഞ്ഞു. പോലിസ് നടപടിയിലാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വെറുതെ കോടതിയെ സംഘര്‍ഷത്തില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിക്കാരന്റെ വാദവും കോടതി തള്ളി. 10നും 50നും വയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും പോലിസ് യൂനിഫോമില്‍ ശബരിമലയില്‍ കയറ്റിയെന്ന് ഹരജിക്കാരനായ കൊച്ചി സ്വദേശി എസ് ജയരാജ് കുമാര്‍ ആരോപിച്ചു. ഇത് ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാനുദ്ദേശിച്ചാണ്. യഥാര്‍ഥ ഭക്തരെ തടങ്കലില്‍ വെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലിസിനെതിരേ നടപടി വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഹരജി ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss