|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയ്ക്ക് പോവാന്‍ ആറു സ്ത്രീകള്‍ കോട്ടയത്ത്; തടയാന്‍ തയ്യാറെടുത്ത് സംഘപരിവാരം; പോലിസ് ഇടപെടലില്‍ സംഘര്‍ഷമൊഴിവായി

Published : 24th November 2018 | Posted By: kasim kzm

കോട്ടയം: ശബരിമല ദര്‍ശനം നടത്താന്‍ ആന്ധ്രയില്‍നിന്നുള്ള സംഘത്തിനൊപ്പം ആറ് സ്ത്രീകളെത്തിയതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനും പരിസരവും ആശങ്കയുടെ മുള്‍മുനയിലായി. സ്ത്രീകളെ തടയാന്‍ സംഘപരിവാര പ്രവര്‍ത്തകര്‍ തയ്യാറെടുത്തതിനെത്തുടര്‍ന്ന് പോലിസ് ഇടപെട്ട് തീര്‍ത്ഥാടകസംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാറ്റിയതോടെ സംഘര്‍ഷമൊഴിവായി.
പോലിസ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സംഘത്തിലെ സ്ത്രീകള്‍ എരുമേലിയിലും മറ്റൊരു സംഘത്തിലുള്ളവര്‍ ചെങ്ങന്നൂരിലും യാത്ര അവസാനിപ്പിക്കാന്‍ ധാരണയായി. ഒപ്പമുള്ള പുരുഷന്‍മാര്‍ മലകയറി തിരികെയെത്തുംവരെ ഇവര്‍ ഹോട്ടലിലും ലോഡ്ജിലുമായി താമസിക്കും. ഇന്നലെ രാവിലെ ഏഴരയോടെ മുംബൈ സിഎസ്ടി- കന്യാകുമാരി ജയന്തിജനത എക്‌സ്പ്രസിലാണ് സ്ത്രീകള്‍ അടങ്ങുന്ന രണ്ടു സംഘങ്ങള്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. 26 പേരടങ്ങുന്ന ഒരുസംഘത്തില്‍ നാലു സ്ത്രീകളും, നാലുപേരടങ്ങുന്ന കുടുംബമായെത്തിയ സംഘത്തില്‍ രണ്ടു സ്ത്രീകളുമാണുണ്ടായിരുന്നത്.
കഴിഞ്ഞ സീസണിലടക്കം ഈ സ്ത്രീകള്‍ കുടുംബത്തോടൊപ്പം ശബരിമലയിലെത്തിയിരുന്നു. എന്നാല്‍, പമ്പയില്‍ പോലിസ് തടയുമ്പോള്‍ ഇവര്‍ അവിടെത്തന്നെ താമസിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇക്കുറി സുപ്രിംകോടതി വിധി നിലവിലുള്ളതിനാല്‍ മലകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരെത്തിയത്. എന്നാല്‍, മലയ്ക്കുപോവാന്‍ സ്ത്രീകള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സംഘപരിവാരത്തിന്റെ പ്രത്യേക സംഘംതന്നെ റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. സ്ത്രീകളെത്തിയത് തിരിച്ചറിഞ്ഞ ഇവര്‍ സംഘത്തെ തടയാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത് മനസ്സിലാക്കിയ പോലിസ് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ താമസിക്കാന്‍ സൗകര്യമില്ലെന്നും അതുകൊണ്ട് ചെങ്ങന്നൂരിലോ എരുമേലിയിലോ താമസിക്കണമെന്നുമായിരുന്നു പോലിസിന്റെ നിര്‍ദേശം. ഇതിനോട് സംഘത്തിലുള്ളവര്‍ സഹകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആന്ധ്രയില്‍നിന്നെത്തിയ യുവതിയെ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും പൊന്‍കുന്നത്തും സംഘപരിവാര പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss