|    Dec 11 Tue, 2018 3:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയ്ക്ക് ചെറിയ പോറല്‍ പോലുമേല്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Published : 13th November 2018 | Posted By: kasim kzm

കോട്ടയം: കേരളത്തിന്റെ പൊതുവികാരമായ ശബരിമലയ്ക്കു ചെറിയ പോറല്‍ പോലുമേല്‍ക്കാന്‍ അനുവദിക്കില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കു സ്വീകാര്യമായ പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്സും യുഡിഎഫും മുന്നോട്ടുപോവും. സുപ്രിംകോടതിയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം യാഥാര്‍ഥ്യമാക്കാന്‍ ഏറ്റവുമടുത്ത അവസരത്തില്‍ യുഡിഎഫ് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന വിശ്വാസസംരക്ഷണ ജാഥയുടെ നാലാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി അജണ്ട ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. വിശ്വാസം പലപ്പോഴും അനാചാരമായാണു സിപിഎം കാണുന്നത്. വിശ്വസിക്കാതിരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യമുള്ളതു പോലെ തന്നെ വിശ്വസിക്കാന്‍ വിശ്വാസികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തില്‍ യാതൊരു പങ്കും വഹിക്കാത്ത സിപിഎം ഇപ്പോള്‍ പാര്‍ട്ടിയുടെ നേട്ടമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയെ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയാക്കാന്‍ അനുവദിക്കില്ല. പ്രശ്‌നപരിഹാരത്തിന് സമരം ചെയ്യുന്ന ബിജെപി സമരത്തിനു പകരം വിശ്വാസസംരക്ഷണത്തിന് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജോസ് കെ മാണി എംപി, കുര്യന്‍ ജോയ്, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, ലതികാ സുഭാഷ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss