|    Oct 23 Tue, 2018 5:00 pm
FLASH NEWS

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ ലക്ഷ്യം : ‘ 300 കോടിയുടെ പദ്ധതി നടപ്പാക്കും’

Published : 9th January 2017 | Posted By: fsq

ശബരിമല: ശബരിമലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിപുലമായ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പാ വികസനത്തിന് 112 കോടി രൂപയുടെ പദ്ധതിയാണുള്ളത്. 131 കോടി രൂപ സന്നിധാനത്തെ വികസനത്തിനായി ഉപയോഗിക്കും. 49 കോടി രൂപ നിലയ്ക്കല്‍ വികസനത്തിനും എട്ട് കോടി രൂപ എരുമേലി വികസനത്തിനും ഉപയോഗിക്കും. വിവിധ പദ്ധതികളെ സംയോജിപ്പിച്ച് ശബരിമല വികസനത്തിനായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 37 കോടി രൂപ പമ്പാ ശുദ്ധീകരണത്തിനാണ് വിനിയോഗിക്കുക. അടുത്ത സീസണിനു മുന്‍പ് പമ്പയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണും. പമ്പയെ മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ശബരിമലയുടെ കവാടമായി പമ്പയെ മാറ്റുന്നതിനുള്ള യജ്ഞത്തിലാണ് സര്‍ക്കാര്‍. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. വനം വകുപ്പിന്റെ കാര്‍ക്കശ്യത്തില്‍ അയവുവരുത്തണമെന്നും മന്ത്രി പറഞ്ഞു.     ശബരിമലയിലേക്കുള്ള 26 റോഡുകള്‍ ഉത്സവകാലത്തിനു ഏറെ മുന്‍പ് തന്നെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയതായി പമ്പാ സംഗമത്തില്‍ സംസാരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുക്കുന്ന റോഡുകള്‍ക്ക് ഏഴുവര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പാക്കും. ഏഴു വര്‍ഷത്തിനുള്ളില്‍ റോഡ് കേടായാല്‍ അത് കോണ്‍ട്രാക്ടര്‍ പരിഹരിക്കണം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എന്‍ജിനിയര്‍മാര്‍ എസ്റ്റിമേറ്റ് പരിശോധിച്ച് ആവശ്യമായ മാറ്റംവരുത്തിയപ്പോള്‍ തകരാറുകള്‍ കുറഞ്ഞു. റോഡുകളുടെ പരിപാലനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. 57 ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരംശബരിമല: മകരവിളക്കു മഹോത്സവത്തിന് ശബരിമലയിലുണ്ടാകുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് ശരംകുത്തിയില്‍ 57ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരമായി സംഭരിച്ചിട്ടുണ്ടെന്ന് കേരള ജല അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എല്ലാദിവസവും   ലഭ്യമാക്കുന്ന ജലത്തിനുപുറമേയാണിത്. ജലവിതരണസംവിധാനത്തിനുണ്ടായേക്കാവുന്ന തടസ്സം ഉടന്‍ പരിഹരിക്കുന്നതിന് പമ്പ, സന്നിധാനം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ മെയിന്റനന്‍സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന   ഈമാസം 10 മുതല്‍ 14വരെ ആവശ്യത്തിന് വെള്ളം ഉറപ്പുവരുത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss