|    Dec 11 Tue, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയെ ഉപയോഗിച്ച് ഹൈന്ദവ ധ്രുവീകരണംബിജെപി സമരം പൊളിയുന്നു

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം/കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം ആയുധമാക്കി ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സമരത്തില്‍ നിന്നു ബിജെപി പിന്നോട്ട്. സംഘപരിവാര സംഘടനകളുടെ സഹകരണത്തോടെ ബിജെപി ബാനറില്‍ സന്നിധാനമടക്കം സമരഭൂമിയാക്കിയുള്ള പ്രതിഷേധങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പിന്‍മാറ്റം. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്കു മാറ്റാനാണ് തീരുമാനം.
സന്നിധാനത്ത് ഇനി പരസ്യപ്രതിഷേധങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. സമരങ്ങള്‍ ഭക്തര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പരസ്യപ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നുവെന്നാണ് വിശദീകരണം. സംഘപരിവാരത്തിനുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ മുതല്‍ ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കളുടെ അപക്വമായ പരാമര്‍ശങ്ങള്‍ വരെ സമരം കൈവിട്ടുപോവാന്‍ ഇടയാക്കി. ഒന്നരമാസത്തോളം സമരം തുടര്‍ന്നിട്ടും സമുദായസംഘടനകളെ പോലും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതില്‍ ബിജെപി പരാജയപ്പെട്ടു.
വിശ്വാസത്തിന്റെ പ്രശ്‌നമായി ആരംഭിച്ച സമരത്തിന് ആദ്യഘട്ടത്തില്‍ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയുണ്ടായിരുന്നു. സംഘപരിവാരം മുന്‍കൈയെടുത്ത് രൂപീകരിച്ച ശബരിമല കര്‍മസമിതിയുമായി എന്‍എസ്എസ് ആദ്യഘട്ടത്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയലക്ഷ്യമിട്ടുള്ള സമരമാണെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ എന്‍എസ്എസിന്റെ പിന്‍മാറ്റത്തിന് ഇടയാക്കി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാര സമരത്തെ തള്ളി പരസ്യമായി രംഗത്തുവന്നു. കെപിഎംഎസ് ഔദ്യോഗിക വിഭാഗം സര്‍ക്കാരനുകൂല നിലപാടിലേക്ക് വന്നതോടെ സംഘപരിവാരം ഒറ്റപ്പെട്ടു.
പോലിസ് നടപടി കര്‍ക്കശമാക്കിയതും ബിജെപിയെ വെട്ടിലാക്കി. മുതിര്‍ന്ന നേതാക്കളടക്കം അറസ്റ്റിലായത് പ്രവര്‍ത്തകരിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. നിലപാടുകളിലെ സ്ഥിരതയില്ലായ്മയും ബിജെപിക്ക് സമരത്തോട് ആത്മാര്‍ഥതയില്ലെന്ന ആരോപണത്തിനു വഴിവച്ചു. സ്ത്രീപ്രവേശനത്തിന് എതിരാണ് തങ്ങളുടെ സമരമെന്നു പറഞ്ഞ ബിജെപി അധ്യക്ഷന്‍ പിന്നീട് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നു തിരുത്തി. ഇത് ബിജെപിക്കെതിരേ സിപിഎം രാഷ്ട്രീയ ആയുധമാക്കിയതോടെ ആദ്യഘട്ടത്തിലുണ്ടായിരുന്ന പിന്തുണ പതിയെ ഇല്ലാതായി.
പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയതയും തിരിച്ചടിയായി. മുതിര്‍ന്ന നേതാവായ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിട്ടും സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിച്ചില്ലെന്ന വിമര്‍ശനമുയര്‍ന്നു.
അഞ്ചു ദിവസം പിന്നിട്ടശേഷമാണ് അണികളുടെ അമര്‍ഷം തണുപ്പിക്കാന്‍ ശ്രീധരന്‍പിള്ള ജയിലിലെത്തിയത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം വന്നതും സമരത്തില്‍ നിന്നു പിന്‍മാറാന്‍ നേതൃത്വത്തിന് പ്രേരണയായിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ രാഷ്ട്രീയസമരം തുടരാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം പാര്‍ട്ടി ആരംഭിക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സര്‍ക്കാരെടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാവും സമരം നടത്തുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss