|    Jan 16 Mon, 2017 10:57 pm
FLASH NEWS

ശബരിമലയും പമ്പയും ഹരിതമേഖലയായി പ്രഖ്യാപിക്കും

Published : 19th August 2016 | Posted By: SMR

പമ്പ: പമ്പയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് കുളിക്കുന്നതും വസ്ത്രം അലക്കുന്നതും നിരോധിക്കാന്‍ തീരുമാനം. മണ്ഡല- മകരവിളക്കിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്നവര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനു മുന്‍പ് പ്രത്യേകം കുളിമുറികളില്‍ കുളിക്കുന്നതിന് സൗകര്യമൊരുക്കും. ഇതിനുശേഷം പമ്പയില്‍ ഇറങ്ങി കുളിക്കാവുന്നതാണ്. സോപ്പ് ഉപയോഗിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തീര്‍ഥാടകരില്‍ നിന്നുണ്ടാവുന്ന മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളും പമ്പാനദിയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. പുറത്തുള്ള വിസര്‍ജനം ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നമാണ്. ഇത് തടയുന്നതിനും നടപടി കര്‍ശനമാക്കും. ശബരിമലയും പമ്പയും ഹരിതമേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കും. വഴിയരികിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നത് ഊര്‍ജിതമാക്കും. പമ്പ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെയെത്തുന്ന ഭക്തരുടെ ആരോഗ്യത്തെ ബാധിക്കും. തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനാ സംഘത്തെ നിയോഗിക്കും. മരുന്നുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് അത്യാവശ്യ ഘട്ടങ്ങളില്‍ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടാന്‍ സംവിധാനമുണ്ടാവും. ശബരിമലയിലെ സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കും.
ബയോമെട്രിക് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തി. സന്നിധാനത്തും പമ്പയിലും പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. ഇതിനായി താല്‍ക്കാലികമായി പ്രത്യേക സ്ഥലം വനം വകുപ്പ് അനുവദിക്കും. അനുമതി ലഭിച്ചശേഷം വനംവകുപ്പ് ഇതിനായി സ്ഥിരം സംവിധാനമേര്‍പ്പെടുത്തും. ഫയര്‍ ഫോഴ്‌സിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് ഗതാഗതമന്ത്രിയും ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ജയകുമാറും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകള്‍ക്ക് ആവശ്യമായ തുക അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് വിമുക്ത സന്ദേശത്തിന് കൂടുതല്‍ ഊന്നല്‍ വേണമെന്ന് ജോയ്‌സ് ജോര്‍ജ് എംപിയും തിരുവല്ലയില്‍ റെയില്‍വേ റിസര്‍വേഷന്‍ സംവി്ധാനം സാധ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയും പറഞ്ഞു. മന്ത്രി തലത്തില്‍ അവലോകനം നടത്താന്‍ സൗകര്യമുള്ളവിധം പമ്പയില്‍ ഹാള്‍ നിര്‍മിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എയും ശബരിമലയുമായി ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എയും പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍,  കെ കെ ശൈലജ, ഡോ.കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാവിലെ എട്ടോടെ പമ്പയിലെത്തിയ മുഖ്യമന്ത്രി പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചു.. തുടര്‍ന്ന് മുഖ്യമന്ത്രി സന്നിധാനത്ത് എത്തി പുതുതായി സ്ഥാപിച്ച അപ്പം നിര്‍മാണ യൂനിറ്റും അന്നദാന മണ്ഡപത്തിന്റെ നിര്‍മാണവും പരിശോധിച്ചു. ശബരിമലയിലെ മുന്നൊരുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക