|    Sep 24 Sun, 2017 3:21 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയില്‍ സ്ത്രീ പ്രവേശനമാവാമെന്ന് സര്‍ക്കാര്‍

Published : 8th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സ്ത്രീപ്രവേശനം സംബന്ധിച്ച് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നതായും, സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംബന്ധിച്ച് കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സുപ്രിംകോടതി ചോദ്യം ഉന്നയിച്ചതിനു പിന്നാലെയാണ് ഇന്നലെ പുതിയ നിലപാട് സര്‍ക്കാര്‍ അറിയിച്ചത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2007ല്‍ നല്‍കിയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ജയദീപ് ഗുപ്ത അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടിയ കോടതിക്കു മുമ്പാകെ ശബരിമലയില്‍ പോയി ആരാധന നടത്താന്‍ സ്ത്രീകള്‍ക്ക് ഒരുതരത്തിലുള്ള നിരോധനവും പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍, സര്‍ക്കാരിന്റെ നിലപാടുമാറ്റത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. സര്‍ക്കാര്‍ മാറിമാറി വരുമ്പോള്‍ നിലപാട് മാറ്റാനാവില്ലെന്നു സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാന വാദത്തില്‍ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. കേസ് വിശാലമായ ഭരണഘടനാ ബെഞ്ചിനു വിടണമെന്നു ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഇന്നലെയും ആവശ്യപ്പെട്ടെങ്കിലും കോടതി തീരുമാനമെടുത്തില്ല.
അതേസമയം, കേസില്‍ കക്ഷിചേരാനെത്തിയ പന്തളം രാജകുടുംബത്തിന്റെയും പീപ്പിള്‍ ഫോര്‍ ധര്‍മ എന്ന സംഘടനയുടെയും വാദം കോടതി അംഗീകരിച്ചില്ല. സുപ്രിംകോടതിയിലെ പ്രമാദ കേസുകളിലെല്ലാം കക്ഷിചേരാറുള്ള അഭിഭാഷകനായ എം എല്‍ ശര്‍മയെയും കക്ഷി ചേരാന്‍ അനുവദിച്ചില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക