|    Nov 21 Wed, 2018 1:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയില്‍ സംഘര്‍ഷം; 200 പേര്‍ക്കെതിരേ കേസ്

Published : 7th November 2018 | Posted By: kasim kzm

ശബരിമല: ചിത്തിര ആട്ടവിശേഷദിനത്തില്‍ സന്നിധാനം സംഘര്‍ഷഭരിതം. പോലിസും സുരക്ഷാസംവിധാനങ്ങളും കാഴ്ചക്കാരായതോടെ സ്ത്രീകള്‍ക്കും ഭക്തര്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ പ്രതിഷേധവും കൈയേറ്റവുമുണ്ടായി. ചെറുമകന്റെ ചോറൂണിനെത്തിയ 52കാരിക്കും ബന്ധുവായ യുവാവിനും മര്‍ദനമേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. വധശ്രമം, സ്ത്രീയെ കൈയേറ്റം ചെയ്യല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസ്.
തൃശൂരില്‍നിന്നെത്തിയ 19 അംഗ തീര്‍ത്ഥാടകസംഘത്തിലെ 50ന് മുകളില്‍ പ്രായമുള്ള രണ്ടു സ്ത്രീകള്‍ ഇന്നലെ രാവിലെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല സന്നിധാനത്തേക്കു പോവാന്‍ അനുവാദം നല്‍കിയിരുന്നതായി പ്രതിഷേധത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് വിശദമാക്കി. ഇരുമുടിക്കെട്ടില്ലാതെ എത്തിയ 52 വയസ്സുള്ള തൃശൂര്‍ സ്വദേശി ലളിതാദേവിയുടെ പ്രായത്തില്‍ പ്രതിഷേധക്കാര്‍ സംശയം പ്രകടിപ്പിച്ചതോടെ നടപ്പന്തലില്‍ ഇവര്‍ക്കെതിരേ നാമജപ പ്രതിഷേധം തുടങ്ങി. 18ാംപടി കയറുന്നിടത്ത് എത്തിയപ്പോഴാണ് ലളിത തടയപ്പെട്ടത്.
ദര്‍ശനത്തിനു കാത്തുനിന്നവരടക്കം നൂറുകണക്കിന് ആളുകള്‍ പാഞ്ഞടുത്തതോടെ പോലിസിന് നിയന്ത്രണം നഷ്ടമായി. ലളിതയെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തു. ഇവരുടെ കാലിന് പരിക്കേറ്റു. രക്തസമ്മര്‍ദം ഉയര്‍ന്ന ലളിത കുഴഞ്ഞുവീണതോടെ പോലിസുകാര്‍ ഇവരെ സന്നിധാനം ആശുപത്രിയിലേക്കു മാറ്റി. പിന്നീട് പ്രായം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയതിനുശേഷമാണ് ഇവര്‍ക്കു ദര്‍ശനം നടത്താനായത്. കുഞ്ഞിന്റെ ചെറിയച്ഛനായ മൃദുലിനെയും അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. പമ്പ പോലിസ് സ്റ്റേഷനിലെത്തിച്ച മൃദുല്‍, അക്രമികള്‍ തന്റെ ഷര്‍ട്ട് വലിച്ചുകീറിയതായും മുഖത്ത് ഇടിച്ചതായും മൊഴി നല്‍കി.
ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റമുണ്ടായി. സംഘപരിവാര പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ നിന്നു രക്ഷതേടി സമീപത്തെ കെട്ടിടത്തിന്റെ ടെറസ്സിലേക്ക് ഓടിക്കയറിയ മാധ്യമപ്രവര്‍ത്തകരെ കസേര വലിച്ചെറിഞ്ഞ് വീഴ്ത്താന്‍ ശ്രമിച്ചു. മാതൃഭൂമി, ഏഷ്യാനെറ്റ്, അമൃത ന്യൂസ് സംഘത്തിന് നേരെയാണ് കൈയേറ്റമുണ്ടായത്. ഈ സമയത്തൊന്നും ഇടപെടാന്‍ പോലിസ് തയ്യാറായില്ല.
ഇന്നലെ രാവിലെ അഞ്ചിനാണ് ക്ഷേത്രനട തുറന്നത്. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവു പൂജകളും നടന്നു. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം നടത്തി അത്താഴപൂജയ്ക്കുശേഷം രാത്രി പത്തുമണിയോടെ ഹരിവരാസനം പാടി നട അടച്ചു. മണ്ഡല-മകരവിളക്ക് ആഘോഷങ്ങള്‍ക്കായി 16നാണ് ഇനി നട തുറക്കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss