|    Nov 21 Wed, 2018 7:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയില്‍ യുദ്ധസന്നാഹം

Published : 5th November 2018 | Posted By: kasim kzm

എച്ച് സുധീര്‍

പത്തനംതിട്ട: സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഇന്നു നട തുറക്കാനിരിക്കെ ശബരിമലയും സമീപ പ്രദേശങ്ങളും പൂര്‍ണമായും പോലിസ് നിയന്ത്രണത്തില്‍. ഇന്ന് ഉച്ച മുതലാണ് നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുക. പ്രതിഷേധക്കാര്‍ കയറുന്നത് ഒഴിവാക്കാന്‍ നിയന്ത്രണവും നിരീക്ഷണവും കടുപ്പിച്ചതോടെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങള്‍ പോലിസ് വലയത്തിലാണ്. യുവതീപ്രവേശം തടയാന്‍ എത്തുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്. വനിതാ പ്രതിഷേധക്കാര്‍ സന്നിധാനത്ത് എത്തിയാല്‍ വനിതാ പോലിസിനെ മലകയറ്റാനും തീരുമാനമായി.
അതേസമയം, പരമാവധി ആളുകളെ സന്നിധാനത്ത് എത്തിച്ച് പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപിയും വിവിധ ഹിന്ദു സംഘടനകളും. നിലവില്‍ അട്ടത്തോട് ആദിവാസി കോളനി നിവാസികളെയും പമ്പയില്‍ നിര്‍മാണപ്രവൃത്തിയിലുള്ളവരെയും മാത്രമാണ് നിലയ്ക്കല്‍ കടന്നുപോകാന്‍ അനുവദിക്കുന്നത്. 4000ലേറെ പ്രതിഷേധക്കാര്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയവരും സമരം ചെയ്തവരുമാണ് നിരീക്ഷണത്തില്‍. ഇവരെ വഴിയില്‍ തടയാനായി ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശബരിമലയിലുള്ള പോലിസിനു കൈമാറി. പോലിസിന്റെ നിരീക്ഷണ കാമറകള്‍ക്കൊപ്പം 12 ഫേസ് ഡിറ്റക്ഷന്‍ കാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ രജിസ്റ്റര്‍ ചെയ്ത 545 കേസുകളില്‍ ഉള്‍പ്പെട്ട 400 പേരെയും പോലിസ് തിരയുന്നുണ്ട്.
അതേസമയം, സ്ത്രീകളായ പ്രതിഷേധക്കാര്‍ സന്നിധാനത്ത് എത്തിയാല്‍ തടയാനാണ് വനിതാ പോലിസിനെ നിയോഗിക്കുക. സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ തടയാനായി തീര്‍ത്ഥാടക വേഷത്തില്‍ സ്ത്രീകള്‍ ഉണ്ടാവുമെന്നും ഇവരെ പോലിസ് തടഞ്ഞാല്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നുമാണ് റിപോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ വനിതാ പ്രതിഷേധക്കാരെ നേരിടാന്‍ സിഐ, എസ്‌ഐ റാങ്കിലെ 30 വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ പത്തനംതിട്ട എസ്പി ഓഫിസില്‍ തമ്പടിച്ചിട്ടുണ്ട്.
കണമല, വടശ്ശേരിക്കര, നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി. ഈ മേഖലയില്‍ 6 വരെ നിരോധനാജ്ഞ നിലവിലുണ്ട്. വാഹനങ്ങള്‍ പരിശോധിച്ചാണ് പോലിസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥിമന്ദിരം, ഡോണര്‍ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് നോക്കി വേണമെന്നും പോലിസ് അറിയിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാവും തീര്‍ത്ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ മലയിറങ്ങാനാണ് നിര്‍ദേശം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss