|    Dec 12 Wed, 2018 9:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയില്‍ നടക്കുന്നത് ഗുരുതര ആചാരലംഘനമെന്ന് കോണ്‍ഗ്രസ്

Published : 19th November 2018 | Posted By: kasim kzm

ശബരിമല: ശബരിമലയില്‍ നടക്കുന്നത് ഗുരുതര ആചാരലംഘനമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ശബരിമലയിലെ അസൗകര്യങ്ങള്‍ പഠിക്കാന്‍ കെപിസിസി നിയോഗിച്ചതിന്റെ ഭാഗമായി എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും സന്ദര്‍ശിച്ച ശേഷമാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സന്നിധാനത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമാണ് അനാവശ്യ നിയന്ത്രണങ്ങള്‍. ശബരിമലയില്‍ നടക്കുന്നത് പോലിസ്‌രാജാണ്. 12.5 ഹെക്റ്റര്‍ സ്ഥലത്ത് 15,000 പോലിസിനെ നിയോഗിച്ചിരിക്കുന്നത് അനാവശ്യമായ സംഗതിയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ അയ്യപ്പഭക്തരെ തടയുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും കെ പി ശശികലയുടെയും കെ സുരേന്ദ്രന്റെയും അറസ്റ്റിനോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു.
പമ്പയിലും നിലയ്ക്കലിലും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി അടൂര്‍ പ്രകാശ് ആരോപിച്ചു. പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ പോലും പുനര്‍നിര്‍മിച്ചിട്ടില്ല. അടിസ്ഥാനസൗകര്യം ഇല്ലാത്തതുകൊണ്ടാണ് തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ നടക്കുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് മുന്‍ ദേവസ്വംമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വട്ടപ്പൂജ്യമാണ്. മനുഷ്യത്വരഹിതമായ നടപടികളാണ് പോലിസ് നടത്തുന്നത്. പമ്പയില്‍ വരുന്ന ആളുകള്‍ക്ക് മഴയത്ത് നനയാതെ കയറിനില്‍ക്കാനുള്ള സംവിധാനംപോലും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. പ്രളയം പിന്നിട്ടതോടെ ആകെ താറുമാറായ പമ്പയില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്നുമാസമായിട്ടും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ആശുപത്രികളോ മറ്റ് മെഡിക്കല്‍ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും പറഞ്ഞ നേതാക്കള്‍ ശബരിമലയില്‍ ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപിച്ചു. തീര്‍ത്ഥാടകര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഉള്‍െപ്പടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും സംഘം വിലയിരുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss