|    Mar 28 Tue, 2017 1:53 am
FLASH NEWS

ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് 150 കിയോസ്‌കുകള്‍ സ്ഥാപിക്കും

Published : 1st October 2016 | Posted By: Abbasali tf

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് 150 കിയോസ്‌കുകള്‍ സ്ഥാപിക്കും. മണിക്കൂറില്‍ മുപ്പതിനായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യും. കുപ്പിവെള്ളം സന്നിധാനത്ത് നിരോധിച്ചിരുന്ന സാഹചര്യത്തിലാണ് ഇത് ചെയ്യുന്നതെന്ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയും സഹകരണം ഉറപ്പാക്കും. ചുക്കുവെള്ള വിതരണത്തിനും കേന്ദ്രങ്ങള്‍ സജ്ജമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അന്നദാന മണ്ഡപത്തിന്റെ പണി തീര്‍ത്ഥാടന കാലത്തിന് മുമ്പ് പൂര്‍ത്തിയാവില്ല. രണ്ട് മണ്ഡപങ്ങളുടെ പണി നേരത്തെ തുടങ്ങിയത് ഇടയ്ക്ക് നിലച്ചിരുന്നു. ഇത് രണ്ടും കൂടി കൂട്ടിച്ചേര്‍ത്ത് ഒറ്റ മണ്ഡപം ആക്കാനാണ് തീരുമാനിച്ചത്. രണ്ട് നിലകള്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി പമ്പയിലെ തൊഴില്‍ തര്‍ക്കം മൂലമാണ് വൈകിയത്. തല്‍ക്കാലം ഒരു നില തയ്യാറാക്കി അന്നദാനത്തിന് സജ്ജമാക്കും. ഈ വര്‍ഷം നെയ്യഭിഷേക ക്യൂവിനോട് ചേര്‍ന്ന് അയ്യപ്പന്‍മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉണ്ടാവും. ബാരിക്കേഡിന് സമാന്തരമായി കസേരകള്‍ ഒരുക്കും. മണിക്കൂറുകള്‍ കാത്തുനിന്നാണ് നെയ്യഭിഷേകം നടത്തുന്നത്. മുതിര്‍ന്ന ആളുകള്‍ക്ക് ഏറെ നേരം നില്‍ക്കാനുള്ള വിഷമം പരിഹരിക്കാനാണ് കസേരകള്‍. സന്നിധാനം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ തകരാര്‍ തീര്‍ക്കല്‍ പണികള്‍ തീര്‍ത്ഥാടനകാലത്തിന് മുമ്പ് തീരും. കഴിഞ്ഞ സീസണില്‍ ഉദ്ഘാടനം ചെയ്ത പ്ലാന്റ് പിന്നീട് തകരാറില്‍ ആയിരുന്നു. സന്നിധാനത്തെ ജോലികള്‍ വിലയിരുത്തിയ ശേഷം മലയാലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു അജയ് തറയില്‍. ദേവസ്വം അസി. കമ്മീഷണര്‍ ജി ബൈജുവും സന്നിഹിതനായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day