|    Dec 14 Fri, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്

Published : 18th November 2018 | Posted By: kasim kzm

ശബരിമല: മണ്ഡലപൂജയ്ക്കു തുടക്കം കുറിക്കുന്ന വൃശ്ചികപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി തീര്‍ത്ഥാടകരുടെ വലിയ തിരക്ക്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വലിയ തോതിലെത്തിയത്. കൊച്ചുകുട്ടികളും മാളികപ്പുറങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ 3ന് നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി തീര്‍ത്ഥാടകരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടം പിടിച്ചിരുന്നു.
രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യഭിഷേകം നടത്തിയാണ് തീര്‍ത്ഥാടകര്‍ മടങ്ങിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടലക്കറിയും ചെറുചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പോലിസിന്റെ സുരക്ഷാ ക്രമീകരണം തീര്‍ത്ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്.
തിരക്കേറുമ്പോള്‍ സാധാരണ അയ്യപ്പന്മാര്‍ തളര്‍ന്നുവീഴാറുണ്ട്. എന്നാല്‍, പോലിസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ത്ഥാടകര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയതും തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാംപില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിങിനും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പരിമിതമാണെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം നിലയ്ക്കല്‍-പമ്പ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss