|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശബരിമലയില്‍ കുട്ടികളെ കസ്റ്റഡിയില്‍ എടുത്തെന്ന ആരോപണം: അന്വേഷിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

Published : 29th November 2018 | Posted By: kasim kzm

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളെ കസ്റ്റഡിയിലെടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം ആര്‍ ജി ആനന്ദ്. ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു ആനന്ദിന്റെ പ്രതികരണം.
ഇരുമുടിക്കെട്ടുമായാണ് ആനന്ദ് ശബരിമലയില്‍ എത്തിയത്. ചിത്തിര ആട്ട വിശേഷത്തിനും തുടര്‍ന്ന് ഇക്കഴിഞ്ഞ 19നും 24നും സന്നിധാനത്ത് നടന്ന പോലിസ് നടപടികള്‍ക്കിടെ കുട്ടികള്‍ക്കെതിരേ അതിക്രമം നടന്നെന്നും ഭക്ഷണമടക്കം നിഷേധിച്ചെന്നും ആരോപിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ശബരിമല സന്ദര്‍ശിച്ചത്.
ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്കായി ശബരിമലയില്‍ മതിയായ സൗകര്യങ്ങളില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കി. 15 ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയ കമ്മീഷന്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി. പോലിസ് അതിക്രമമടക്കം 15ലേറെ പരാതികളാണ് കമ്മീഷന് ലഭിച്ചത്.
പമ്പയിലും സന്നിധാനത്തും സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ അംഗങ്ങളായ ആര്‍ ജി ആനന്ദും തനിറാമും പരാതിക്കാരില്‍ നിന്നു മൊഴിയെടുത്തു. ഇക്കഴിഞ്ഞ 24ന് രാത്രി സന്നിധാനത്ത് നിന്നു പോലിസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂര്‍ സ്വദേശിയും ആറു വയസ്സുകാരനായ മകനും പരാതി നല്‍കാനെത്തി. സന്നിധാനത്ത് നിന്നു കസ്റ്റഡിയിലെടുത്ത ഇവരെ പമ്പയിലെത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. ചാത്തന്നൂര്‍ പഞ്ചായത്തിലെ സ്വതന്ത്ര അംഗമാണ് കുട്ടിയുടെ പിതാവ്. ഗൗരവമുള്ള പരാതികളാണ് കിട്ടിയതെന്നും കുട്ടികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം ആത്മാര്‍ഥത കാട്ടുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മറിച്ചാണ്.
സന്നിധാനത്ത് കുട്ടികള്‍ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങണം. സമരത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ റിപോര്‍ട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും. കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss