|    Jan 17 Tue, 2017 3:40 am
FLASH NEWS

ശബരിമലയിലെ ഭണ്ഡാരക്കവര്‍ച്ച: വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമലയിലെ ഭണ്ഡാരക്കവര്‍ച്ച കേസ് ഏറ്റെടുത്ത വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. 2015ല്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പോലിസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കേസന്വേഷണം വിജിലന്‍സിന് കൈമാറിയത്. ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് അന്വേഷണം.
പത്തനംതിട്ട യൂനിറ്റിലെ വിജിലന്‍സ് സിഐ ബൈജുവിനാണ് അന്വേഷണ ചുമതല. മണ്ഡലകാലമായ 2015 ജനുവരി 12നാണ് ദേവസ്വം ബോര്‍ഡിലെ ആറുജീവനക്കാരില്‍നിന്ന് 10.62 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3.21 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും 2.29 ലക്ഷം രൂപ മൂല്യമുള്ള 111 ഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. ഇവരെ സന്നിധാനം പോലിസ് അറസ്റ്റു ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഭണ്ഡാരത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആറ് ഉന്നത ഉേദ്യാഗസ്ഥര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് അന്നുതന്നെ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അതിനിടെ, സസ്‌പെന്‍ഡ് ചെയ്ത ആറ് ഉദേ്യാഗസ്ഥരെ അന്വേഷണം പൂര്‍ത്തിയാവും മുമ്പേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍കി. കേസന്വേഷണം പത്തനംതിട്ട സിഐക്ക് കൈമാറിയെങ്കിലും ഒന്നരവര്‍ഷത്തിനുള്ളില്‍ പുരോഗതിയൊന്നുമുണ്ടായില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍, വിജിലന്‍സ് അന്വേഷണമാണ് അഭികാമ്യമെന്ന് ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിനെ അറിയിച്ചതിനാലാണ് അന്വേഷണം സംസ്ഥാന വിജിലന്‍സിന് ആഭ്യന്തരസെക്രട്ടറി നളിനി നേറ്റൊ കൈമാറിയത്. ഈമാസം ആദ്യവാരമാണ് വിജിലന്‍സ് കേസ് ഏറ്റെടുത്തത്.
അന്വേഷണം ആരംഭിച്ച പത്തനംതിട്ട വിജിലന്‍സ് യൂനിറ്റ് ദേവസ്വം വിജിലന്‍സ് എസ്‌ഐ ആര്‍ പ്രശാന്തിന്റെ മൊഴിയെടുത്തു. പോലിസ് പരിശോധിക്കാന്‍ തയ്യാറാവാതിരുന്ന സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ കുറ്റസമ്മതമൊഴിയും വിജിലന്‍സ് തെളിവായെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ലോക്കല്‍ പോലിസ് ഉേദ്യാഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന കാര്യം വിജിലന്‍സ് സര്‍ക്കാരിനെ അറിയിക്കും.
അതിനിടെ, കഴിഞ്ഞദിവസം ശബരിമലയില്‍ വീണ്ടും ദേവസ്വം ജീവനക്കാരന്റെ മോഷണശ്രമം നടന്നു. ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെ വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയിരുന്നു. സംശയം തോന്നിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാബുവിനെ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക