|    Dec 11 Tue, 2018 4:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയിലെ നിരോധനാജ്ഞയെ അനുകൂലിച്ച് ഹൈക്കോടതി

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തരത്തിലുള്ള മുന്‍വിധികള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി. നിരോധനാജ്ഞ കൊണ്ട് ഭക്തര്‍ക്കു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മൂന്നംഗ നിരീക്ഷണ സമിതി അറിയിച്ചതായി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് കോടതി 10ലേക്ക് മാറ്റി.
അതേസമയം, നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് മതിയായ കാരണങ്ങളുണ്ടെന്നും ക്രമസമാധാനം ഉറപ്പാക്കാന്‍ ഇത് തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊതുജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്ന് പത്തനംതിട്ട എഡിഎം പി ടി എബ്രഹാം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നവംബര്‍ 15ലെ നിരോധനാജ്ഞാ ഉത്തരവ് നിയമവിരുദ്ധവും അനാവശ്യവുമാണെന്നും മൗലികാവകാശത്തെയും മത സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്നുമാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.
എന്നാല്‍, ഒരു വിശ്വാസിക്കും യാതൊരു തടസ്സമോ ബുദ്ധിമുട്ടോ നിരോധനാജ്ഞ മൂലം ഉണ്ടായിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss