|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയിലെ നിയന്ത്രണങ്ങള്‍ യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍

Published : 20th November 2018 | Posted By: kasim kzm

ശബരിമല: ശബരിമലയില്‍ ഏ ര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് പോലിസ്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ക്രമസമാധാന നില ഉറപ്പാക്കേണ്ടതുണ്ട്. ഒരു വിഭാഗം വ്യക്തികളും സംഘങ്ങളും ധര്‍ണയും വഴിതടയലും പ്രകടനവും നടത്തുകയും പോലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടയുകയും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
അത്തരം വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരേ നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികള്‍ പോലിസ് സ്വീകരിക്കും. സന്നിധാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിനു തടസ്സമുണ്ടാവുകയോ, നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള എല്ലാവര്‍ക്കും സന്നിധാനത്ത് ആവശ്യാനുസരണം തങ്ങാന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
അപ്പം, അരവണ എന്നിവയും ആവശ്യക്കാര്‍ക്ക് യഥേഷ്ടം ലഭ്യമാക്കുന്നു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം ലഭിക്കണമെങ്കില്‍ ആരെയും കൂടുതല്‍ നേരം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാ ന്‍ കഴിയില്ല. ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതു യഥാര്‍ഥ ഭക്തര്‍ക്ക് ശബരിമലയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനാണ്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും നിലവിലെ അവസ്ഥയും ഇന്റലിജന്‍സ് റിപോര്‍ട്ടുകളും പരിഗണിച്ച് ശബരിമലയിലും പരിസരങ്ങളിലും ജാഥ, പ്രകടനങ്ങള്‍, ധര്‍ണ എന്നിവ നടത്തുകയോ തീ ര്‍ത്ഥാടകരെ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സുരക്ഷാഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയിലാണ്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം പമ്പ ബേസ് ക്യാംപായി ഉപയോഗിക്കാനാവാത്ത നിലയിലാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രം ലഭ്യമായ നിലയ്ക്കലേക്ക് ബേസ് ക്യാംപ് മാറ്റിയിട്ടുണ്ട്. പരമാവധി 6,000 പേരെ മാത്രമേ അവിടെ ഉള്‍ക്കൊള്ളാനാവൂ.
തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ എത്തുന്ന ഭക്തരെ അവിടെ നിന്ന് തുടര്‍ച്ചയായി കുറഞ്ഞ സമയത്തിനുള്ളില്‍ കടത്തിവിടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സന്നിധാനത്ത് തിരക്ക് കുറയ്ക്കാനും പരമാവധി തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനും കഴിയൂ. തീര്‍ത്ഥാടകര്‍ എത്രയും വേഗം ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ മടങ്ങിയാലേ പുതുതായി വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യവും ഭക്തര്‍ക്ക് ദര്‍ശനസൗകര്യവും ലഭ്യമാവൂ. സുരക്ഷാപരമായ കാരണങ്ങളാലും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനും നടപ്പന്തല്‍, സോപാനം, വടക്കേനട, ഫ്ളൈ ഓവര്‍, 18ാംപടിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ എന്നിവ അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്തരെ സ്വാമി എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്ന് പോലിസിന് നിര്‍ദേശം നല്‍കിയിട്ടില്ല. സാമാന്യ മര്യാദപ്രകാരം ഉചിതമായ വാക്കുകള്‍ അഭിസംബോധനയ്ക്ക് ഉപയോഗിക്കാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss