|    Dec 10 Mon, 2018 1:23 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ശബരിമലയിലെ കോണ്‍ഗ്രസ് ഹിന്ദുത്വം

Published : 24th November 2018 | Posted By: kasim kzm

എസ് മൊയ്തു

സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതം സ്വീകരിക്കുകയും ആ മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുകയും ചെയ്തതിന്റെ പേരില്‍ ഹാദിയ എന്ന യുവതിയുടെ ഭരണഘടനാപരമായ അവകാശങ്ങളെ തച്ചുടച്ചുകളഞ്ഞ ഹൈക്കോടതി വിധി അധികമാരും മറന്നുകാണില്ല. മൗലികാവകാശം നിഷേധിച്ചുകൊണ്ടുള്ള വിധിക്കെതിരേ മുസ്‌ലിം ഏകോപനസമിതി മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അന്നു കേരളത്തിലുണ്ടായ ഒച്ചപ്പാടുകള്‍ ചെറുതൊന്നുമായിരുന്നില്ല. അന്തിച്ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും രാഷ്ട്രീയനേതാക്കളും മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ സാമൂഹിക സാംസ്‌കാരിക നേതാക്കളുമൊക്കെ കോടതിവിധിയെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ച് മാര്‍ച്ചിനെതിരേ ഉറഞ്ഞുതുള്ളി. ചാനലുകളിലിരുന്ന് ന്യൂസ് റീഡര്‍മാരും ഇവരെ കൈമെയ് മറന്നു സഹായിച്ചു. അപ്പീല്‍ നല്‍കുന്നതിനു പകരം കോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്നു പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗുമൊക്കെ ഇക്കാര്യത്തില്‍ മല്‍സരിക്കുകയായിരുന്നു. പിന്നീട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ നിയമപോരാട്ടത്തിലൂടെ ഹാദിയയുടെ മൗലികാവകാശങ്ങള്‍ സുപ്രിംകോടതി തിരിച്ചുനല്‍കി. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കിയ പരമോന്നത കോടതി വിധിക്കെതിരേ പ്രതിഷേധങ്ങളും സമരകോലാഹലങ്ങളും നടത്താന്‍ അന്ന് മാര്‍ച്ചിനെതിരേ തിരിഞ്ഞവര്‍ക്കൊന്നും ഇപ്പോള്‍ മടിയുണ്ടായില്ല.
രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരേ മനുസ്മൃതി കൊണ്ടുവരാനുള്ള ഒളിയജണ്ടകള്‍ക്ക് ഹിന്ദുത്വര്‍ ശബരിമലയെ ഉപയോഗപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്ക് താങ്ങും തണലുമാവുന്ന അവസ്ഥയിലേക്കു വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ദേശീയമായി രണ്ടു ചേരിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ സംഘപരിവാരത്തിന് ആളെ കൂട്ടുന്ന പണി ഏറ്റെടുക്കുകയാണ്. ദേശീയനേതൃത്വത്തിന്റെ നിലപാടുപോലും തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തെ രാഷ്ട്രീയത്തിനു വേണ്ടി ഒരുളുപ്പുമില്ലാതെ ഉപയോഗിക്കുന്ന സംഘപരിവാരത്തിന്റെ മുദ്രാവാക്യം ഏറ്റെടുക്കുന്നു. സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സ്വീകരിക്കുന്നത്.
എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്തപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി തള്ളിയ കേരള നേതൃത്വത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ സംഘപരിവാരത്തിന് ആളെ കൂട്ടാനുള്ള വഴി തുറന്നുകൊടുക്കുകയാണെന്ന് രാമന്‍നായരെ പോലുള്ളവര്‍ ബിജെപിയിലേക്കു ചേക്കേറിയിട്ടും തിരിച്ചറിഞ്ഞിട്ടില്ല. ബല്‍റാമും ബിന്ദു കൃഷ്ണയുമൊക്കെ കെപിസിസി നിലപാടിനെതിരേ രംഗത്തുവന്നെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ പി ഉണ്ണികൃഷ്ണനും ഇപ്പോള്‍ രംഗത്തുവന്നെങ്കിലും കോണ്‍ഗ്രസ് നിലപാട് പുനപ്പരിശോധിക്കാനുള്ള സാധ്യത വിരളമാണ്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാട് കേരളത്തിലും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് സുധാകരനും ചെന്നിത്തലയുമൊക്കെ എന്നുവേണം അനുമാനിക്കാന്‍. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ഗാന്ധി കാണിച്ച ഹിന്ദുത്വ സ്്ട്രാറ്റജി മുതല്‍ ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തലുകള്‍ വരെ എത്തിനില്‍ക്കുന്നത് സംഘപരിവാരത്തിന്റെ ബി ടീമായെങ്കിലും ജയിച്ചുകയറാനുള്ള കോണ്‍ഗ്രസ്സിന്റെ മോഹമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് നയം വ്യത്യസ്തമല്ലെന്നു തിരിച്ചറിയാന്‍ മധ്യപ്രദേശില്‍ വോട്ടര്‍മാരോട് അവര്‍ പറഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ചാണകകേക്കും ഗോമൂത്ര പാനീയവും നിര്‍മിക്കുന്ന ഫാക്ടറിയും ചത്ത പശുക്കള്‍ക്ക് ശ്മശാനവും നിര്‍മിക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം. സംഘപരിവാരത്തിനേക്കാളും ഹിന്ദുത്വം തങ്ങള്‍ക്കാണെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ്സും പിന്തുടരുന്നത് ഇതുതന്നെയാണെന്ന സംശയങ്ങള്‍ക്ക് ശബരിമല വിഷയത്തിലെ അവരുടെ നിലപാടുകള്‍ ആക്കംകൂട്ടുന്നു.
സംഘപരിവാര പ്രതിഷേധങ്ങളിലെല്ലാം കൊടിപിടിക്കാതെ അണികളെ വിട്ടുകൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്. പ്രതിഷേധസമരം രാഷ്ട്രീയ അജണ്ട എന്ന രീതിയിലുള്ള ശ്രീധരന്‍ പിള്ളയുടെ പുതിയ വെളിപ്പെടുത്തലാവട്ടെ കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ ചെറുതായൊന്നുമല്ല വെട്ടിലാക്കിയത്. മതേതരത്വം കുഴിച്ചുമൂടാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായി അവര്‍ വിരിച്ച വലയില്‍ കോണ്‍ഗ്രസ് വീണുവെന്നുവേണം അനുമാനിക്കാന്‍.
സംഘപരിവാരം തെളിക്കുന്ന വഴിയിലൂടെയാണ് യുഡിഎഫ് പോവുന്നതെന്നു തെളിയാന്‍ ഇരുസംഘടനകളും നടത്തിയ സമരപരിപാടികള്‍ തന്നെ ധാരാളം. തുടക്കത്തില്‍ ആചാരസംരക്ഷണ സമിതിയുടെ പേരില്‍ സംഘപരിവാരം നടത്തിയ സമരപരിപാടികള്‍ക്ക് അണികളെ വിട്ടുകൊടുക്കാനും അതേ മാതൃകയില്‍ സമരം സംഘടിപ്പിക്കാനും യുഡിഎഫ് തയ്യാറായി. തുടക്ക സ്ഥലങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും എന്‍ഡിഎയും യുഡിഎഫും ഒരേസമയം ശബരിമല സംരക്ഷണ ജാഥകള്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും യുഡിഎഫ് സ്വീകരിച്ച നിലപാടിന് ബിജെപിയുടേതില്‍ നിന്നു വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കൂട്ടമായി ശബരിമലയിലെത്തിയപ്പോള്‍ തുടര്‍ദിവസങ്ങളില്‍ അതേ പാത പിന്തുടരാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് തെല്ലും ലജ്ജതോന്നിയുമില്ല.
ബാബരി മസ്ജിദ് വിഷയത്തിലൂടെ ഉത്തരേന്ത്യയില്‍ വര്‍ഗീയകലാപം ആളിക്കത്തിച്ച് അധികാരത്തിലേറിയവര്‍ കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ രാമനു പകരം അയ്യപ്പനെ വിദഗ്ധമായി ഉപയോഗിക്കുകയാണെന്ന തിരിച്ചറിവുപോലും ദേശീയ പാര്‍ട്ടിക്ക് ഇല്ലാതെ പോയി. അയ്യപ്പനെ ഉപയോഗിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി നാലു വോട്ട് നേടാനുള്ള സംഘപരിവാര ശ്രമമാണ് ഇവിടെ വിജയിക്കുന്നത്.
സുപ്രിംകോടതി വിധിക്കെതിരേ സംഘപരിവാരത്തിനൊപ്പം സമരമുഖത്തിറങ്ങിയ സമുദായ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ ഹാദിയയുടെ മൗലികാവകാശങ്ങള്‍ കോടതി തന്നെ ഹനിച്ചപ്പോള്‍, നീതി നിഷേധിച്ചപ്പോള്‍ എന്തു സമരത്തിനാണ് ഇറങ്ങിയതെന്ന് സ്വന്തം അണികളെയെങ്കിലും ബോധ്യപ്പെടുത്തണം. അയ്യപ്പനെ ഉപയോഗിച്ച് നാലു വോട്ട് നേടി കേരളത്തില്‍ വേരുറപ്പിക്കാന്‍ സംഘപരിവാരത്തിന് കോണി ചാരിക്കൊടുക്കുന്നവര്‍ ശ്രീധരന്‍പിള്ള യാഥാര്‍ഥ്യം വിളിച്ചുപറഞ്ഞപ്പോള്‍ മാളത്തിലൊളിക്കേണ്ട അവസ്ഥയായി.
കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാരം ഇത്രയും ആയുധമാക്കിയ മറ്റൊരു വിഷയം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇതിന് പരോക്ഷമായെങ്കിലും പിന്തുണ നല്‍കുന്ന യുഡിഎഫ് കക്ഷികളും ശബരിമലയുടെ പേരില്‍ അക്രമം നടത്തുന്നവരെ ഭക്തരെന്ന ഓമനപ്പേരിലാണ് അഭിസംബോധന ചെയ്യുന്നതെന്നു കൂടി ഓര്‍ക്കണം. അക്രമങ്ങള്‍ക്കു പിന്നില്‍ യഥാര്‍ഥ ഭക്തരല്ല, ഭക്തിയും ആചാരവും വാക്കില്‍ മാത്രം ഒതുക്കിയ ആര്‍എസ്എസും ബിജെപിയുമാണെന്നു തിരിച്ചറിയാത്തവരല്ല യുഡിഎഫ് നേതാക്കള്‍. സിപിഎമ്മിനെ തകര്‍ക്കാന്‍ ഹിന്ദുത്വരുടെ വാലാവുന്നതിനു പകരം ശബരിമലയില്‍ ആര്‍എസ്എസും ബിജെപിയും കാട്ടിക്കൂട്ടുന്ന കലാപങ്ങളെയും അക്രമങ്ങളെയും യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കാനുള്ള ആര്‍ജവമാണ് നെഹ്്‌റുവിന്റെ പിന്‍മുറക്കാര്‍ കാണിക്കേണ്ടത്. നാല് വോട്ട് നേടാമെന്ന വ്യാമോഹത്തില്‍ ഹിന്ദുത്വത്തിന്റെ മറ്റൊരു പതിപ്പാവാനാണ് കോണ്‍ഗ്രസ് ശ്രമമെങ്കില്‍, ബിജെപിയുടെ ബി ടീമാവാനാണു നേതാക്കള്‍ക്കു താല്‍പര്യമെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസ്സിനു വലിയ ആയുസ്സുണ്ടാവാനിടയില്ല. വരുംകാലങ്ങളില്‍ അവശേഷിക്കുന്ന പ്രവര്‍ത്തകരെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കു നന്നായി വിയര്‍ക്കേണ്ടിവരും. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss