|    Nov 18 Sun, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമലയിലെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നടക്കുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.
പ്രളയത്തെ തുടര്‍ന്ന് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ടെങ്കിലും വനഭൂമിയില്‍ യാതൊരുതരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കരുത്. ഇടക്കാല റിപോര്‍ട്ട് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഇന്നു പരിഗണിക്കും.
ശബരിമല പുനര്‍നിര്‍മാണം സംബന്ധിച്ച അന്തിമ മാസ്റ്റര്‍പ്ലാനിന് സുപ്രിംകോടതി അംഗീകാരം നല്‍കുന്നതു വരെ കുടിവെള്ള വിതരണം, ശൗചാലയം എന്നീ സംവിധാനങ്ങള്‍ക്കുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. സന്നിധാനത്ത് വനംവകുപ്പ് പാട്ടത്തിനു നല്‍കിയ സ്ഥലത്ത് ബോര്‍ഡ് നിര്‍മിച്ച മൂന്നു ബഹുനിലക്കെട്ടിടങ്ങള്‍ മാസ്റ്റര്‍ പ്ലാനിന്റെ ലംഘനമാണ്. പമ്പാ തീരത്തും നിരവധി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. പ്രളയത്തില്‍ ഒലിച്ചുപോയ കെട്ടിടങ്ങളെല്ലാം അനധികൃതമാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു സമിതിയോട് പറഞ്ഞ കാര്യവും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇടക്കാല റിപോര്‍ട്ടിന് മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നാലാഴ്ച സമയം അനുവദിക്കും. പമ്പയില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പ്രദേശത്തെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫ. ടി ശോഭീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് വിഷയങ്ങള്‍ പരിശോധിക്കാനായി കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss