|    Nov 19 Mon, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമലയിലെ ആക്രമണം ഭീകരം: ഹൈക്കോടതി

Published : 9th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിക്കെതിരേ നിലയ്ക്കലിലും മറ്റും ആള്‍ക്കൂട്ടം അഴിച്ചുവിട്ട ആക്രമണം ഭീകരമെന്ന് ഹൈക്കോടതി.
നശീകരണപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനാവില്ലെന്നും നാശനഷ്ടങ്ങള്‍ ആക്രമണങ്ങളുടെ കാഠിന്യവും വ്യാപ്തിയും വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അക്രമത്തെ തുടര്‍ന്ന് പമ്പ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 17ാം പ്രതിയായ തൃപ്പൂണിത്തുറ ശാന്തികുഞ്ജത്തില്‍ അഡ്വ. ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. രണ്ടു പോലിസ് ബസ്സുകളും ഒരു പോലിസ് കാറും നാലു പോലിസ് ജീപ്പും 12 കെഎസ്ആര്‍ടിസി ബസ്സുകളും മാധ്യമങ്ങളുടെ മൂന്നു വാഹനങ്ങളും മൂന്നു കാമറകളുമാണ് അക്രമികള്‍ നശിപ്പിച്ചത്. 14 പോലിസുകാര്‍ക്കു പരിക്കേറ്റു.
ആക്രമണം നടത്തിയവരില്‍ ഒരാള്‍ക്കുപോലും പരിക്കില്ല. 16,78,500 രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. സ്വകാര്യ വ്യക്തികളുടെ കാമറ, വാഹനങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടം 15,50,000 രൂപയാണ്. ഗോവിന്ദ് മധുസൂദനനെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ പ്രഥമദൃഷ്ട്യാ ലഭ്യമാണ്. ജാമ്യം നല്‍കിയാല്‍ പ്രതി വീണ്ടും അക്രമം നടത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സംഘര്‍ഷസാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നല്‍കിയ രഹസ്യ റിപോര്‍ട്ട് പ്രോസിക്യൂഷന് വേണ്ടി ഹാജരായ മുതിര്‍ന്ന ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയില്‍ സമര്‍പ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss