|    Dec 16 Sun, 2018 6:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമലയിലെ അക്രമം: വാഹനങ്ങള്‍ തകര്‍ത്തവരുടെ ജാമ്യാപേക്ഷ തള്ളി

Published : 4th November 2018 | Posted By: kasim kzm

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും നശിപ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവ സ്ഥലത്തുനിന്നും അറസ്റ്റിലായ ഷൈലേഷ്, ആനന്ദ്, അശ്വിത്, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും പോലിസ് വാഹനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ 23,94,500 രൂപയും പോലിസ് വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തിയതില്‍ 1,53,000 രൂപയും നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. അക്രമത്തില്‍ വനിതകള്‍ ഉള്‍െപ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോടതി വിധിയെ പരാജയപ്പെടുത്തുന്നതിന് നിയമം കൈയിലെടുത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ എ സി ഈപ്പന്‍ ഹാജരായി.
അതേസമയം ശബരിമല കോടതിവിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളില്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 546 കേസുകളിലായി 3719 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss