|    Dec 18 Tue, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞു; മൂന്നുപേര്‍ അറസ്റ്റില്‍

Published : 2nd December 2018 | Posted By: kasim kzm

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പമ്പയിലെത്തിച്ചു. ഇവരെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും പമ്പ സ്‌റ്റേഷനിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെ മരക്കൂട്ടത്തുവച്ചാണ് ആന്ധ്ര സ്വദേശികളായ യുവതികള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നത്. വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(26) എന്നിവരാണ് മലകയറാന്‍ എത്തിയത്. ആന്ധ്രയില്‍ നിന്നുള്ള 15 അംഗ സംഘത്തിനൊപ്പമാണ് കൃപാവതിയെത്തിയത്. ആദ്യമെത്തിയ യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്.
പ്രതിഷേധം ഉയര്‍ന്നതോടെ പോലിസെത്തി ഇവരെ പമ്പയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഇവരെ തിരികെ നാട്ടിലേക്ക് മടക്കിവിടുമെന്ന് പോലിസ് അറിയിച്ചു.
യുവതികള്‍ പോലിസ് കാണാതെ എങ്ങനെ മരക്കൂട്ടം വരെയെത്തിയെന്നത് വ്യക്തമല്ല. ഓരോ ആളുകളെയും പരിശോധിച്ച് മാത്രമാണ് പോലിസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പോലിസ് കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ല. യുവതികള്‍ മലകയറാതെ തിരിച്ചിറങ്ങുന്നുവെന്ന് അറിഞ്ഞതോടെ വന്‍ ആള്‍ക്കൂട്ടം മരക്കൂട്ടത്ത് തടിച്ചുകൂടി. വനിതാ പോലിസിന്റെ സഹായത്തോടെ ഇരുവരെയും പോലിസ് വാഹനത്തില്‍ കയറ്റുന്നതുവരെ പ്രതിഷേധക്കാര്‍ ശരണംവിളി തുടര്‍ന്നു. സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന സൂചനയാണ് പോലിസ് നല്‍കുന്നത്. അറസ്റ്റിലായ മഹേഷ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പശ്ചാത്തലം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞദിവസം ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ ഉഷയെന്ന 48കാരി മലകയറാതെ മടങ്ങിയിരുന്നു. പോലിസുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചത്.
തുടര്‍ന്ന് ഉഷയുടെ കൂടെ വന്നവര്‍ മാത്രം മലകയറാന്‍ തീരുമാനിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss