|    Mar 25 Sat, 2017 5:33 am
FLASH NEWS

ശബരിമലയിലും പമ്പയിലും ദേവസ്വംഭൂമി കണ്ടെത്താനുള്ള സര്‍വേ പുരോഗമിക്കുന്നു

Published : 31st August 2016 | Posted By: SMR

പത്തനംതിട്ട: ശബരിമലയിലും പമ്പയിലുമായി ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ട ഭൂമി കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. ഭൂമി സംബന്ധിച്ച് ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് ഭൂമി അളന്നുതിരിക്കാന്‍ തീരുമാനിച്ചത്. വെടിവഴിപാടിനുള്ള സ്‌റ്റേ പിന്‍വലിക്കണമെങ്കില്‍ വെടിപ്പുരയ്ക്ക് 15 മീറ്റര്‍ ചുറ്റളവില്‍ കമ്പിവേലി കെട്ടണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കമ്പിവേലി ഇടാനുള്ള ശ്രമം വനംവകുപ്പ് തടഞ്ഞു. തുടര്‍ന്ന് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സംയുക്ത പരിശോധനയിലൂടെ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ഉത്തരവിട്ടത്.
വനം-ദേവസ്വം വകുപ്പുകളുടെ സംയുക്ത പരിശോധന അന്തിമഘട്ടത്തിലേക്ക് കടന്നതായും രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നും അധികൃതര്‍ അറിയിച്ചു. വനംമന്ത്രി കെ രാജുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍വേ നടപടികള്‍ വേഗത്തിലായത്.
അതേസമയം, സുരക്ഷിത കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം വനംവകുപ്പ് അനുവദിക്കും. ശബരിപീഠത്തിന് സമീപം വനംവകുപ്പ് പൊളിച്ചുനീക്കിയ കരിങ്കല്‍ത്തറ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പുതിയ വെടിവഴിപാടുതറ നിര്‍മിക്കും. പമ്പയില്‍ ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മില്‍ ഭിന്നതയുണ്ടായിരുന്ന 10 ഏക്കര്‍ ഭൂമിയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി.
ദേവസ്വം ബോര്‍ഡുമായുള്ള ഭിന്നത രമ്യമായി പരിഹരിക്കണമെന്ന നിര്‍ദേശമാണ് സന്നിധാനത്തുചേര്‍ന്ന അവലോകന യോഗത്തില്‍ വനംമന്ത്രി നല്‍കിയിരുന്നത്. പമ്പയിലെയും ഹില്‍ടോപ്പിലെയും ഭൂമി സംബന്ധിച്ചുള്ള രേഖകളാണ് പരിശോധിക്കാനുള്ളത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ പുതിയ ജണ്ടയിട്ട് ദേവസ്വം ബോര്‍ഡ് ഭൂമി വേര്‍തിരിക്കും.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക