|    Dec 11 Tue, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമലപിടിവാശിയെന്ന പ്രചാരണം അവസാനിപ്പിക്കണം: മുഖ്യമന്ത്രി

Published : 20th November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പിടിവാശിയാണ് മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന രീതിയിലുള്ള മാധ്യമ പ്രചാരണം അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാഷ് ഇന്റര്‍നാഷനലില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ 55ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ആര്‍എസ്എസ് സംഘമാണ്. സന്നിധാനം സംഘര്‍ഷഭരിതമാക്കലായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒരു പ്രത്യേക ജില്ലയില്‍ നിന്നു പ്രശ്‌നങ്ങളുണ്ടാക്കാന്‍ വന്നവരാണിവര്‍. ഇതു സര്‍ക്കാര്‍ അനുവദിക്കില്ല. കോടതി വിധി പറഞ്ഞത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നാളെ കോടതി മാറ്റിപ്പറഞ്ഞാല്‍ അതുപോലെ ചെയ്യും. കോടതി വിധിയുണ്ടായിട്ടും ഞങ്ങള്‍ക്കൊപ്പമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് പറഞ്ഞയച്ചിട്ടില്ല. യാഥാര്‍ഥ്യം മനസ്സിലാക്കി മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കണം. കേരളത്തെ അപമാനിക്കുന്ന സംഘപരിവാരത്തിനു പ്രത്യേക അജണ്ടകളുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിക്കുന്ന ആര്‍എസ്എസുകാര്‍ ഒഴികെ കേരളത്തിന്റെ പുരോഗതിയില്‍ പങ്കാളികളായിട്ടുണ്ട്. ഇപ്പോഴും ഇരുണ്ട യുഗത്തിലേക്ക് കേരളത്തെ കൊണ്ടുപോവാനാണ് ഇവര്‍ ശ്രമിക്കുന്നത്.
തെറ്റായ സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യാഥാസ്ഥിതികര്‍ എന്നും രംഗത്തുവന്നു. മാറുമറച്ചു വന്ന സ്ത്രീകളെ ആക്രമിച്ചതും മാറുമറയ്ക്കാത്ത സ്ത്രീകള്‍ തന്നെയായിരുന്നു. ഇതുപോലെയാണ് സ്ത്രീകളെ തെരുവിലിറക്കി സ്ത്രീകള്‍ക്കെതിരേയുള്ള ഇപ്പോഴത്തെ സമരവും. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സമൂഹത്തിന് എന്ത് ഗുണ മാണുണ്ടാക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചിന്തിക്കണം. യാഥാസ്ഥിതികര്‍ക്കനുകൂലമായ വാര്‍ത്തകളാണ് ചിലപ്പോള്‍ പുറത്തുവരുന്നത്. അബദ്ധങ്ങള്‍ പറ്റിയെന്നു മനസ്സിലാവുമ്പോള്‍ മാധ്യമങ്ങള്‍ ഇത് തിരുത്തണം. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍.
വിശ്വാസം ഉള്ളവര്‍ തന്റെ വിശ്വാസം മാത്രമേ പാടുള്ളൂവെന്നു ശഠിക്കുന്നത് തെറ്റാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ പോലും നിശ്ചിത സമയപരിധിക്കുള്ളില്‍ ഇല്ലാതാക്കാനാണ് സംഘപരിവാര നീക്കം. ഇതു തുറന്നു കാണിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യം കാണിക്കണം. യുഎഇയുടെ സാമ്പത്തിക സഹായം ഇല്ലാതാക്കിയും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തെ തടഞ്ഞ് കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്താനും ദുശ്ശക്തികളായ ഇവര്‍ ശ്രമിച്ചിരുന്നു. എന്നിട്ടും നമ്മള്‍ പിടിച്ചുനിന്നു.
സംഘര്‍ഷഭരിതമായ ഈ കാലത്തും കേരളം നേടിയെടുത്ത മൂല്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മാധ്യമ ലോകം ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എംപി, ബിനോയ് വിശ്വം എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കമാല്‍ വരദുര്‍, സി നാരായണന്‍, ആര്‍ എസ് ബാബു, പ്രേംനാഥ്, പി വി പുല്‍നാഥ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss