|    Dec 11 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല:എച്ച്1 എന്‍1 പകരാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം

Published : 25th November 2018 | Posted By: kasim kzm

തിരുവനന്തപുരം: എച്ച്1 എന്‍1 പനി അയല്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്നു മറ്റു സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളോടെ ശബരിമലയിലെത്തുന്നവരെ ചികില്‍സിക്കാനായി പമ്പ മുതല്‍ സന്നിധാനം വരെ 16ഓളം ചികില്‍സാ സഹായ കേന്ദ്രങ്ങളും സജ്ജമാക്കി. എച്ച്1 എന്‍1 ചികില്‍സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.
കൂടാതെ, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും മരുന്നുകള്‍ സ്റ്റോക്ക് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം ഫലപ്രദമായി തടയുന്നതിന് നിരീക്ഷണം ശക്തപ്പെടുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും നിര്‍ദേശിച്ചു. തീര്‍ത്ഥാടകള്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ള ഇടത്താവളങ്ങളും അമ്പലങ്ങളും കേന്ദ്രീകരിച്ച് അവബോധവും നല്‍കിവരുന്നു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ആറു ഭാഷകളായി തയ്യാറാക്കിയ എച്ച്1 എന്‍1 രോഗത്തെപ്പറ്റിയുള്ള ലഘുലേഖകള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. ഇതോടൊപ്പം പമ്പ, സന്നിധാനം, നിലയ്ക്കല്‍, എല്ലാ ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ അനൗണ്‍സ്‌മെന്റിലൂടെയും സന്ദേശം നല്‍കുന്നുണ്ട്. എവിടെയെങ്കിലും എച്ച്1 എന്‍1 റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിക്കാനും അതു സ്റ്റേറ്റ് സര്‍വയലന്‍സ് യൂനിറ്റിനെ അറിയിക്കാനും നിര്‍ദേശിച്ചു. ഇതോടൊപ്പം ഓരോ സ്ഥലത്തും കൈക്കൊണ്ട പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss