|    Nov 19 Mon, 2018 10:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശത്രുസ്വത്ത് വിറ്റഴിക്കാന്‍ കേന്ദ്ര തീരുമാനം

Published : 10th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിഭജനകാലത്ത് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ശത്രുസ്വത്ത് (ഭേദഗതി, സാധുവാക്കല്‍) ബില്ല് 2016 ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ശത്രുസ്വത്തുക്കളാണെന്നു നിര്‍ണയിച്ച 9400ലധികം വരുന്ന ഇത്തരം സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു.
എന്നാല്‍, 3000 കോടി രൂപ വിപണിമൂല്യമുള്ള സ്വത്തുക്കളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. 996 കമ്പനികളിലുള്ള 20,232 ഓഹരിയുടമകളുടെ 6,50,75,877 ഓഹരികളാണ് ശത്രുസ്വത്തായിട്ടുള്ളത്. ഇതില്‍ 558 കമ്പനികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്. ഈ 558 കമ്പനികളില്‍ 139 എണ്ണം ഓഹരിവിപണികളില്‍ ഉള്ളവയാണ്. 1968ല്‍ ശത്രുസ്വത്തു നിയമം നിലവില്‍ വന്നതോടെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ ഓഹരികള്‍ നിലവില്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്.
ഓഹരി വിറ്റഴിക്കല്‍ വകുപ്പിനെ ഇവ വില്‍ക്കാന്‍ ധനമന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയാവും ഓഹരി വില്‍പന നിയന്ത്രിക്കുക. ഓഹരികള്‍ വില്‍ക്കാനാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നതെങ്കിലും ശത്രുസ്വത്തുക്കള്‍ വില്‍പന നടത്തി പണം സ്വരൂപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായുള്ള ആദ്യ ചുവടുവയ്പായാണ് ഇത് പരിഗണിക്കുന്നത്.
പതിറ്റാണ്ടുകളായി നിഷ്‌ക്രിയമായി കിടക്കുന്ന ജംഗമസ്വത്തുക്കള്‍ വിറ്റഴിച്ച് പണമാക്കി മാറ്റി ജനക്ഷേമപദ്ധതികള്‍ക്ക് ഉപകാരപ്പെടുത്താമെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍, മുന്‍കരുതലുകള്‍ എടുക്കാതെ നോട്ടു നിരോധനവും ചരക്കു സേവന നികുതിയും നടപ്പാക്കിയതോടെ നടുവൊടിഞ്ഞ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss