|    Mar 17 Sat, 2018 10:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശത്രുസംഹാര പൂജകള്‍ ഏശിയില്ല…

Published : 14th July 2017 | Posted By: fsq

 

കാളിദാസന്‍

കുന്നംകുളം അടപ്പൂട്ടി കുന്നിലും ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗങ്ങളിലുമായിരുന്നു ‘കുടമാറ്റം’ ലൊക്കേഷന്‍. ദിലീപ് ചെണ്ടവാദനക്കാരനായി തകര്‍ത്തഭിനയിച്ച ചിത്രം. ‘ചെണ്ടക്കോലേ…’ എന്ന നായികയുടെ വിളിയും വിജയരാഘവന്‍, ബിജുമേനോന്‍ എന്നിവരുടെ മല്‍സരിച്ചഭിനയവുമായി ‘കുടമാറ്റം’ സല്ലാപത്തോളമല്ലെങ്കിലും കലക്ഷന്‍ റെക്കോഡിട്ടു. അവിടെ ദിലീപ് കളിച്ചു. ബിജുമേനോന്‍ സ്‌കോര്‍ ചെയ്യുന്നു എന്നു തോന്നിയ ചില ഭാഗങ്ങള്‍ സുന്ദര്‍ദാസിനെക്കൊണ്ടു വെട്ടിച്ചു. നായിക നടിക്ക് കാമുകി എന്ന ലെവലില്‍ നിന്നു പ്രതിശ്രുത വധു എന്നിടത്തേക്കു സ്ഥാനക്കയറ്റം. നടന്‍ എന്നതിലുപരി ശല്യക്കാരനായി സിനിമാവൃത്തങ്ങൡ അറിയപ്പെട്ടു. ഒരു അനുസ്മരണ ലേഖനത്തില്‍ ദിലീപ് എഴുതി: ”താഴെത്തട്ടില്‍ നിന്നു വന്ന ഒരു ചെറുപ്പക്കാരനാണു ഞാന്‍. ജീവിതത്തിന്റെ എല്ലാ മുഖങ്ങളും കണ്ട് ഭയന്നു നടന്നിരുന്ന ചെറുപ്പക്കാരന്‍. സിനിമയ്ക്കു പിറകേ ഞാന്‍ വര്‍ഷങ്ങളോളം നടന്നു. മിമിക്രി അവതരിപ്പിച്ചു. കൊച്ചുകൊച്ചു വേഷങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ടും സിനിമയില്‍ ആരുമായില്ല. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ദിവസം…” (പല്ലിശ്ശേരിയുടെ ‘തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ’ (2013) എന്ന ഗ്രന്ഥത്തിലാണ് ഈ ഏറ്റുപറച്ചില്‍).’ആ ഒരു ദിവസ’ത്തില്‍ നിന്നു ദിലീപ് ഒരു പിന്തിരിഞ്ഞുനോട്ടത്തിന് ഇടവേള നല്‍കാതെ കയറുക തന്നെ ആയിരുന്നു. ഈ കയറ്റത്തിനിടയില്‍ മഞ്ജുവാര്യരുമായുള്ള വിവാഹവും ആഘോഷപൂര്‍വം നടന്നു.നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ട് കോണ്‍ക്രീറ്റിട്ടതു പോലെ ഉറച്ച ഒന്നായിരുന്നു. മിമിക്രി നാളുകളില്‍ ഉടലെടുത്ത സൗഹൃദം ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഹാസ്യ കാസറ്റിന്റെ വന്‍ പ്രചാരത്തോടെ കൂടുതല്‍ ഗാഢമായി.  ‘കടല്‍കടന്നൊരു മാത്തുക്കുട്ടി’യില്‍ മിമിക്രി തോന്ന്യാസത്തിന്റെ നേരിയ സാംപിള്‍ രഞ്ജിത് അവതരിപ്പിക്കുന്നുണ്ട്. ജര്‍മനിയിലെ സമ്പന്നരും മഹാജാടക്കാരുമായ മലയാളികള്‍ക്ക് ദിലീപിനെ പരിപാടിക്കു കിട്ടണം. മാത്തുക്കുട്ടിയുടെ വേഷമിട്ട മമ്മൂട്ടി കേരളത്തിലേക്കു പറക്കുന്നു. ഇപ്പോള്‍ മിനി സ്‌ക്രീനില്‍ ‘ബംപര്‍ ഹിറ്റായ’ നിയാസ് എന്ന നടന്‍ ദിലീപിന്റെ ശബ്ദം മിമിക്രി ചെയ്യുന്നു. മാത്തുക്കുട്ടി ഫോണില്‍ നിയാസിനെക്കൊണ്ട് ദിലീപ് നേരിട്ടു സംസാരിക്കും മട്ടില്‍ ”ജര്‍മനിക്കു വരാം” എന്ന് തട്ടിവിടുന്നു. ഇത് ഒരു സിനിമാക്കഥയാണെങ്കില്‍ നടന്‍മാരുടെ സ്വരം അനുകരിച്ച് നിര്‍മാതാക്കളെയും നടീനടന്‍മാരെയും വെട്ടിലാക്കുന്ന ദുഷ്പ്രവണതയുടെ തുടക്കം മലയാള സിനിമയില്‍ ദിലീപ് എന്ന മിമിക്രിക്കാരനിലൂടെ ആയിരുന്നു.എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു നേടിയ ഇക്കണോമിക്‌സ് ബിരുദം ദിലീപ് എന്ന നടനുണ്ട്. സിനിമയില്‍ നിന്നു ലഭിച്ച ഒരു ചില്ലിക്കാശുപോലും അയാള്‍ ധൂര്‍ത്തടിച്ചില്ല. ദേശീയ അവാര്‍ഡ് ലക്ഷ്യമിട്ട് ടി വി ചന്ദ്രന്റെ സിനിമയില്‍ നായകവേഷം കെട്ടിയ ദിലീപ് സ്വന്തം കാശുമുടക്കി സിനിമ നിര്‍മിച്ചു. അവാര്‍ഡ് അകലത്തായപ്പോള്‍ സംവിധായകനടക്കം പലര്‍ക്കും നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം നല്‍കാതെ മിമിക്രി കളിച്ചു. സിഐഡി മൂസയിലൂടെ നിര്‍മാണവും വിതരണവും തുടങ്ങിയതോടെ നടന്റെ ലക്ഷ്യം തെറ്റി. കാവ്യയുമായി അടുത്തു. മഞ്ജുവുമായി വിവാഹമോചനം. നാടെങ്ങും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്… യുഡിഎഫ് ഭരണകാലത്ത് മന്ത്രിസഭാ ലവലില്‍ ഉന്നത സാന്നിധ്യം. ഇതിനകം തുളസീദാസടക്കം നിരവധി സംവിധായകര്‍ക്ക് ശരിക്കും പണി നല്‍കി. ‘വെള്ളരി പ്രാവില്‍’ മികച്ച നടനാവാന്‍ വന്‍ തുകയാണ് ഒഴുക്കിയത്. ‘അമ്മ’യ്ക്കു മുതല്‍കൂട്ടാന്‍ ട്വന്റി 20 നിര്‍മിച്ച് താരസംഘടനയുടെ ഖജനാവും സ്വന്തം സ്ഥാപിതതാല്‍പര്യങ്ങളും മേല്‍ക്കുമേല്‍ വളര്‍ത്തി. ആലുവയിലെ ‘പത്മസരോവരം’ എന്ന സ്വന്തം കമനീയ ബംഗ്ലാവില്‍ പ്രവാസി ഭര്‍ത്താവിനെ പരിത്യജിച്ചെത്തിയ കാവ്യാമാധവന് നിലവിളക്കും ആരതിയുമായി ഗൃഹപ്രവേശം… കൊടുങ്ങല്ലൂരമ്പലത്തില്‍ ശക്തിപൂജ.. തൃപ്രയാറും തിരുവില്വാമലയിലും ശത്രുസംഹാര പൂജകള്‍.. പക്ഷേ, ഒന്നും ഏശിയില്ല. ദിലീപ് മുമ്പുദ്ധരിച്ച ലേഖനം അടിവരയിടുന്നതിങ്ങനെ: ”സിനിമാരംഗത്ത് ഒപ്പമുണ്ടെന്ന് വിശ്വസിച്ചവര്‍ പലരും അവസാന നിമിഷം തനിച്ചാക്കി. ദുഃഖങ്ങള്‍ ആരോടും പറഞ്ഞില്ല. പ്രതിസന്ധിഘട്ടത്തില്‍ പലരും മുഖത്തു കരിവാരിത്തേച്ചു…” എല്ലാം മറ്റൊരു വ്യക്തിയെ കുറിച്ചാണെങ്കിലും യാഥാര്‍ഥ്യമായത് ദിലീപിന്റെ കരിയറില്‍.(അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss