|    Nov 19 Sun, 2017 4:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ശക്തമായി തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ

Published : 8th August 2017 | Posted By: fsq

 

പ്യോങ്യാങ്/സോള്‍: യുഎസ് ഉപരോധത്തിനെതിരേ 1000 മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന് കഴിഞ്ഞദിവസം യുഎന്‍ രക്ഷാസമിതി ഒറ്റക്കെട്ടായി അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമണോല്‍സുകമായി ലംഘിക്കുന്നതാണ് ഉപരോധമെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഉപരോധനടപടി കുറ്റകൃത്യത്തിന് സമമാണ്്്. ഇതിനെതിരേ നീതിയുക്തമായ നടപടി സ്വീകരിക്കും. യുഎസ് ആയിരമിരട്ടി വിലനല്‍കേണ്ടിവരും. രാജ്യത്തെ ഒറ്റപ്പെടുത്താനും സമ്മര്‍ദത്തിലകപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഉത്തര കൊറിയ വിമര്‍ശനമുന്നയിച്ചു. ഉപരോധപ്രകാരം ഉത്തര കൊറിയയില്‍ നിന്നുള്ള കയറ്റുമതിക്ക് യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ പ്രതിവര്‍ഷ വരുമാനത്തില്‍ 300കോടി ഡോളറോളം വരുമാനനഷ്ടമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കല്‍ക്കരി, ധാതു അയിരുകള്‍, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി നിലക്കാന്‍ ഉപരോധം കാരണമാവും. എന്നാല്‍, ഉത്തര കൊറിയയില്‍നിന്നുള്ള എണ്ണ കയറ്റുമതിക്ക് നിരോധനമില്ല. ഉത്തരകൊറിയയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് ജോലിനല്‍കരുതെന്ന്് ചൈനയും റഷ്യയുമടക്കമുള്ള രാജ്യങ്ങളോട് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉത്തര കൊറിയക്കെതിരേ കൂടുതല്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ യുഎസും ദക്ഷിണ കൊറിയയും ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരായ ഡോണള്‍ഡ് ട്രംപ്, മൂണ്‍ ജെ ഇന്‍ എന്നിവര്‍ ഇന്നലെ ഇതുസംബന്ധിച്ച് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇരു കൊറിയകളും ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന പ്രതികരിച്ചു. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈന കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക