|    Nov 13 Tue, 2018 6:42 am
FLASH NEWS

വ്രതം: വിമലീകരണ പ്രക്രിയ

Published : 4th June 2017 | Posted By: fsq

മതങ്ങളുടെ സാര്‍വജനീനത വിളംബരം ചെയ്യുന്ന ഒന്നാണ് വ്രതാനുഷ്ഠാനം. ലോകത്തെ എല്ലാ മതങ്ങളിലും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള ഉപവാസമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ‘പൂര്‍വ സമൂഹങ്ങള്‍ക്കെന്നപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് (2: 183). ഈ ചരിത്രയാഥാര്‍ഥ്യം അനാവരണം ചെയ്യുന്നതാണ് ‘മാതൃഭൂമി’യിലെ ഉപവാസത്തിന്റെ സൗന്ദര്യം എന്ന ലേഖനം: ‘ഒടുവില്‍ മുഹമ്മദ് നബിയിലെത്തുമ്പോള്‍ അന്നുവരെ ലോകത്തുണ്ടായ ഉപവാസ ചര്യയുടെ മുഴുവന്‍ അറിവും സംസ്‌കാരവും അദ്ദേഹം ഇസ്‌ലാമിക പാതയിലുള്ള മുഴുവന്‍ വ്യക്തികളും പിന്തുടരേണ്ട ഒരു ജീവിതക്രമമാക്കി മാറ്റുകയായിരുന്നു. പുരാതന ഈജിപ്തിലെ യോഗികള്‍, മോസസ്, പ്ലാറ്റോ, സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, പൈത്തഗോറസ്, ഇന്ത്യന്‍ യോഗികള്‍, ബുദ്ധന്‍, യേശു എന്നിവര്‍ നടത്തിയ ഉപവാസത്തിന്റെ ജ്ഞാനവും സംസ്‌കാരവും മുഹമ്മദ് നബിയുടെ ദീര്‍ഘനാളുകളിലെ ഉപവാസജ്ഞാനവും സംസ്‌കാരവും ചേര്‍ന്നാല്‍ ഇന്നു ലോകത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിക ഉപവാസം എന്നു പറയാമെന്നു തോന്നുന്നു’’(പി എന്‍ ദാസ്, മാതൃഭൂമി, നഗരം 31-5-2017). ഇസ്‌ലാമിക ഉപവാസത്തിനു റമദാന്‍ മാസമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. വേദഗ്രന്ഥം നല്‍കിയതിനു വ്രതമനുഷ്ഠിച്ച് ദൈവത്തോട് കൃതജ്ഞത പ്രകടിപ്പിക്കുന്ന  സമൂഹത്തിന്റെ സംസ്‌കൃതിക്ക് ലോകം സാക്ഷ്യംവഹിക്കുന്ന മാസമാണത്. ‘മനുഷ്യവംശത്തിനു മാര്‍ഗദര്‍ശനമായും സത്യാസത്യത്തെ വിവേചിച്ചു നേര്‍വഴി കാട്ടുന്നതിനും സുവ്യക്തമായ തെളിവുകളുമായി ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ്’ എന്നു പറയുന്ന ഖുര്‍ആന്‍ ആ മാസത്തിന്റെ വ്രതാനുഷ്ഠാന കാരണം ‘നിങ്ങള്‍ക്കു നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കാനും നിങ്ങള്‍ കൃതജ്ഞതകാണിക്കാനും വേണ്ടിയാണെ’ന്നു വ്യക്തമാക്കുന്നു. ദേഹേച്ഛകളെ ദൈവേച്ഛയ്ക്കു മുമ്പില്‍ അടിയറവച്ച് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ പ്രത്യേകമായി ദൈവാരാധനകളില്‍ മുഴുകിയും ധ്യാനാത്മകമായ ഒരു മാസം പിന്നിടുമ്പോഴുണ്ടാവുന്ന ഒരു വിശ്വാസിയുടെ ആത്മനിര്‍വൃതി അവാച്യമാണ്. ആ നിര്‍വൃതിയില്‍ നിന്നുയരുന്ന പ്രകീര്‍ത്തനമാണ്“’അല്ലാഹു അക്ബര്‍.’ ഇല്ലാത്തവനു സഹായഹസ്തം നീളുന്ന മാസമാണ് റമദാന്‍. സാമ്പത്തിക ക്ലേശം കൊണ്ട് വീര്‍പ്പുമുട്ടുന്ന കുടുംബാംഗങ്ങള്‍ക്കു തെല്ലാശ്വാസമേകാന്‍ നമ്മുടെ എളിയ സഹായങ്ങള്‍ക്കു കഴിയുന്നു. ഉള്ളതില്‍ നിന്നുള്ള പങ്കുവയ്ക്കലിലൂടെ സമൂഹത്തിലെ അന്തരം കുറയ്ക്കാന്‍ കഴിയും. നമുക്കുള്ളതില്‍ നിന്നു മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷവും ചാരിതാര്‍ഥ്യവും അനുഭവിച്ചറിയാന്‍ റമദാനില്‍ കഴിയുന്നു. ധനം സ്വരൂപിച്ചുവയ്ക്കുന്നതില്‍ നിന്നു സന്തോഷമോ ശാന്തിയോ ലഭിക്കുന്നില്ല. അത് പങ്കുവയ്ക്കാനും സഹായഹസ്തം നീട്ടാനും മുതിരുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത സന്തോഷവും സംതൃപ്തിയും ലഭിക്കും. ദാനധര്‍മത്തിന് അതിന്റെ സദ്ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചു ഖുര്‍ആന്‍ ശക്തമായി പ്രേരിപ്പിക്കുന്നു. ‘ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍  അത് നല്ലതുതന്നെ. എന്നാല്‍, നിങ്ങളത് രഹസ്യമാക്കിവയ്ക്കുകയും ദരിദ്രര്‍ക്കു കൊടുക്കുകയും ചെയ്യുകയാണെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നു’ (2: 271). പരോപകാരം പുണ്യം, പരപീഡനം പാപം’എന്ന സനാതന ധര്‍മതത്ത്വത്തിനു ഖുര്‍ആന്‍ അടിവരയിടുന്നു: ‘പരോപകാര വസ്തുക്കള്‍ മുടക്കുന്നവര്‍ക്കു നാശം. മതത്തെ വ്യാജമാക്കുന്നവര്‍ അനാഥക്കുട്ടിയെ തള്ളിക്കളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോല്‍സാഹനം നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ്’ എന്നു ഖുര്‍ആന്‍ ഊന്നിപ്പറയുന്നു  (107: 1 – 3). മുഹമ്മദ് നബി ഖുര്‍ആന്റെ പ്രസ്തുത മൗലിക ദര്‍ശനത്തെ വിശദമാക്കുന്നു: ‘വല്ലവന്റെയും അധീനതയില്‍ തന്റെ ഒരു സഹോദരന്‍ ജീവിക്കുന്നുണ്ടെങ്കില്‍ താന്‍ കഴിക്കുന്ന ഭക്ഷണവും താന്‍ ധരിക്കുന്ന വസ്ത്രവും നല്‍കിക്കൊള്ളട്ടെ. കഴിയാത്ത ജോലി ചെയ്യാന്‍ അവരെ ഒരിക്കലും നിര്‍ബന്ധിക്കരുത്. ഇനി അത്തരം ജോലി (വല്ലപ്പോഴും) അവര്‍ക്കു കൊടുത്താല്‍ നിങ്ങള്‍ അവരെ സഹായിക്കുകയും വേണം.’ ‘തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ല.’ ‘ഇസ്‌ലാമിലെ ആചാരങ്ങളില്‍ ഏറ്റവും ഉത്തമമായുള്ളത് ഏതെന്ന് ഒരാള്‍ നബിയോട് ചോദിച്ചു. അപ്പോള്‍ അവിടന്നരുളി: അഗതികള്‍ക്കു ഭക്ഷണം നല്‍കുന്നതും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം (അഭിവാദ്യം) അരുളുന്നതുമാകുന്നു.’ കൊടുക്കുന്നതിലും പങ്കുവയ്ക്കുന്നതിലുമുള്ള സന്തോഷം ഉപവാസകാലത്തെ ആത്മീയാനുഭവമാണ്. ആത്മാവിന്റെ വിമലീകരണപ്രക്രിയയാണ് വ്രതം. പ്രവാചകവര്യന്‍ ഊന്നിപ്പറഞ്ഞു:”’വ്രതം രക്ഷ ാവലംബമാണ്. അതുകൊണ്ട് ഉപവാസി അസഭ്യം പറയുകയോ മൗഢ്യം കാണിക്കുകയോ ചെയ്യരുത്. വല്ലവനും വഴക്കിനു വരുകയോ ഭര്‍ത്സിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് അവന്‍ രണ്ടു പ്രാവശ്യം പറയട്ടെ.’ ‘വ്രതം ക്ഷമയുടെ പകുതിയാകുന്നു’  എന്നത് മറ്റൊരു നബിവചനം. ‘ദൈവം ക്ഷമാശീലരുടെ കൂടെയാണ്’ എന്ന ഖുര്‍ആന്‍ വചനവും ചേര്‍ത്തുവായിക്കുക. ആത്മശുദ്ധീകരണം തന്നെ മുഖ്യം. ‘ആത്മാവിനെ നിര്‍മലമാക്കിയവന്‍ വിജയിച്ചു; മലിനമാക്കിയവന്‍ പരാജയമടഞ്ഞു.’ ഇത് ഖുര്‍ആന്റെ പ്രസ്താവമാണ്. അങ്ങനെ ശുദ്ധീകരിക്കപ്പെട്ട ആത്മാവാണ് ശാന്തപൂര്‍ണമാവുക. ശാന്തത പ്രാപിച്ച ആത്മാവിനാണ് സ്വര്‍ഗകവാടം തുറക്കപ്പെടുക. അല്ലാഹു ക്ഷണിക്കുന്നു: ‘ശാന്തത പ്രാപിച്ച ആത്മാവേ, ദൈവത്താല്‍ സംപ്രീതനായും ദൈവത്തില്‍ സംതൃപ്തനായും എന്റെ സ്വര്‍ഗീയാരാമത്തില്‍ പ്രവേശിച്ചുകൊള്ളുക.’ ‘

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss