|    Dec 15 Sat, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വ്യോമസേന തുക ആവശ്യപ്പെട്ടത് അനുചിതമെന്ന് എംപി

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി അനുചിതമെന്ന് ദിഗ്‌വിജയ് സിങ് എംപി. സംസ്ഥാനത്തെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്താനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പാര്‍ലമെന്ററി സമിതി നടത്തിയ യോഗത്തിലാണ് ഈ അഭിപ്രായപ്രകടനം. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേന തുക ആവശ്യപ്പെടുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ലമെ ന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം വീരപ്പമൊയ്‌ലി ചെയര്‍മാനായ എറണാകുളം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തി ല്‍ ചേര്‍ന്ന യോഗത്തില്‍ ഫിനാന്‍സ് പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിനും പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സഹായം വേഗത്തിലാക്കാനുമാണ് കമ്മിറ്റി സിറ്റിങ് നടത്തുന്നതെന്ന് ഡോ. എം വീരപ്പമൊയ്‌ലി പറഞ്ഞു. തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നതല്ല, സത്യാവസ്ഥ മനസ്സിലാക്കുക എന്നതാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം. പ്രളയാനന്തരം ഗൗരവതരമായ പകര്‍ച്ചവ്യാധികളൊന്നും പ്രളയബാധിത പ്രദേശങ്ങളില്‍ ഉണ്ടായില്ല എന്നതില്‍ കേരളത്തിന്റെ ആരോഗ്യമേഖല അഭിനന്ദനമര്‍ഹിക്കുന്നു. കേരളം, കുടക്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈയിടെയുണ്ടായ ദുരന്തങ്ങളെപ്പറ്റി പഠിച്ച് അതത് ചീഫ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് ഒരു ഉന്നതതല യോഗം വിളിക്കും. തുടര്‍ന്ന് റിപോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റിനു മുമ്പില്‍ സമര്‍പ്പിക്കും. പ്രളയം മൂലം സംസ്ഥാനത്ത് 26,720 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നഷ്ടങ്ങള്‍ നികത്താനും പൂര്‍വസ്ഥിതിയിലാക്കാനും 31,000 കോടി രൂപ ആവശ്യമാണെന്നാണ് യുഎന്‍ സംഘം നല്‍കിയ റിപോര്‍ട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 2,700 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നു 214 കോടി രൂപ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍ നിന്നു കൂടുതലായി തന്നത് 600 കോടി രൂപയാണ്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടി ല്‍ നിന്ന് ഡിസംബര്‍ 5 വരെ 601.85 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 700 കോടി രൂപയുടെ ബില്ലുകള്‍ ഉടന്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. 5616 കോടി രൂപയാണ് ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കൂടുതല്‍ ധനസഹായമായി അഭ്യര്‍ഥിച്ചിരുന്നത്. ഇതില്‍ 600 കോടി രൂപ അഡ്വാന്‍സ് ലഭിച്ചു. വിവിധ പദ്ധതികളിന്‍ കീഴില്‍ നബാര്‍ഡില്‍ നിന്നു കൂടുതലായി അഭ്യര്‍ഥിച്ച 2,500 കോടി രൂപ, പുനര്‍നിര്‍മാണത്തിനായി ജിഎസ്ടിയില്‍ പ്രത്യേക സെസ്സ് എന്നിവയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററി സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ദുരിതബാധിത പ്രദേശങ്ങളില്‍ സൗജന്യ അരിയും മണ്ണെണ്ണയും വിതരണത്തിനാവശ്യമായ തുകയും ഒറ്റത്തവണ ധനസഹായമായ 5,000 കോടി രൂപയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട തുക അനുവദിച്ചാല്‍ തന്നെ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ തുക ആവശ്യമായിവരും. 100 കോടി ഡോളറിന്റെ സഹായം എഡിബി, യൂറോപ്യന്‍ യൂനിയന്‍, ലോകബാങ്ക് എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതു സ്വീകരിക്കുന്നതിന് എഫ്ആര്‍ബിഎം (ഫിസിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ്) പ്രകാരമുള്ള ലോണ്‍ പരിധിയില്‍ ഇളവ് ആവശ്യമാണ്. ഇതും പരിഗണിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
പ്രളയത്തോടനുബന്ധിച്ചുണ്ടായ മണ്ണൊലിപ്പും കൃഷിനാശവും കാര്‍ഷികരംഗത്ത് ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കുകയെന്ന് പി എച്ച് കുര്യന്‍ പറഞ്ഞു. പ്രളയനാശങ്ങളില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ കാലതാമസമുണ്ടാവുന്നുവെന്ന പരാതിയും വ്യാപകമായുണ്ടെന്ന് പി എച്ച് കുര്യന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉടന്‍ പരിഗണിക്കുമെന്ന് കമ്മിറ്റി പ റഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss