|    Oct 20 Fri, 2017 10:46 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ ഒരു മാസം പിന്നിട്ടു

Published : 23rd August 2016 | Posted By: SMR

ചെന്നൈ: 29 പേരുമായി ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാ വിമാനത്തെക്കുറിച്ച് ഒരുമാസം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിച്ചില്ല. അതിനിടെ, തിരച്ചില്‍ നടത്തുന്ന ജിയോളജിക്കല്‍ സര്‍വേയുടെ പ്രത്യേക സാങ്കേതിക വിദ്യകളുള്ള കപ്പല്‍ ഞായറാഴ്ച സമുദ്രാടിത്തട്ടില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിമാനത്തിന്റേതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സമുദ്ര രത്‌നാകര്‍ എന്ന സോണാര്‍ ഉപകരണങ്ങള്‍ നിറഞ്ഞ കപ്പല്‍ ഞായറാഴ്ചയാണ് കടല്‍ത്തട്ടില്‍ അസാധാരണമായ ലോഹവസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കാണാതായ വ്യോമസേനാ വിമാനം എഎന്‍ 32ന്റെ അവശിഷ്ടങ്ങളാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും പ്രത്യേക തിരച്ചില്‍ സംഘം പറയുന്നു. ചെന്നൈയില്‍ നിന്നു 200-300 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അവശിഷ്ടത്തിന്റെ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നത്. 3500 മീറ്റര്‍ താഴ്ചയിലാണ് വസ്തുവെന്നും സംവിധാനങ്ങള്‍ വ്യക്തമാക്കുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന് പരിശോധിച്ചു വരികയാണെന്നു വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ പ്രത്യേക കപ്പല്‍ സാഗര്‍ നിധിയും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. റഡാറില്‍ വിമാനം അവസാനം പ്രത്യക്ഷപ്പെട്ട സ്ഥലം കേന്ദ്രീകരിച്ചാണ് സാഗര്‍ നിധി തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനങ്ങളും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈ 22ന് ആണ് ആന്‍ഡമാനിലേക്ക് പുറപ്പെട്ട വ്യോമസേനാ വിമാനം കാണാതായത്. ചെന്നൈയിലെ താംബരം വ്യോമതാവളത്തില്‍ നിന്ന് രാവിലെ 8.30ന് തിരിച്ച വ്യോമസേനാ വിമാനം എഎന്‍ 32 പറന്നുയര്‍ന്നതിന് അല്‍പ സമയങ്ങള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 11.45ന് പോര്‍ട്ട്‌ബ്ലെയറില്‍ എത്തേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.
വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത് പറന്നുയര്‍ന്നതിന് ശേഷം 15ാം മിനിറ്റിലാണ്. 9.12ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക