|    Oct 21 Sat, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വ്യോമസേനാ വിമാനം കാണാതായി

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: 29 പേരുമായി ആന്തമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്കു പറന്നുയര്‍ന്ന വ്യോമസേനയുടെ വിമാനം അപ്രത്യക്ഷമായി. ഇന്നലെ രാവിലെ 7.45ഓടെയാണു സംഭവം. ചെന്നൈയിലെ തമ്പാരം സേനാ ആസ്ഥാനത്തു നിന്നു പുറപ്പെട്ട എഎന്‍ 32 വിമാനമാണ് അപ്രത്യക്ഷമായത്. 29 പേരില്‍ ആറുപേര്‍ വിമാനത്തിലെ ജോലിക്കാരും ബാക്കിയുള്ളവര്‍ വ്യോമസേനാ ഉദ്യോഗസ്ഥരും ബന്ധുക്കളുമാണ്.
പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കകം വിമാനവുമായുള്ള ബന്ധം കണ്‍ട്രോള്‍ റൂമിനു നഷ്ടമായി. രാവിലെ 10 മണിക്ക് പോര്‍ട്ട്‌ബ്ലെയറില്‍ എത്തേണ്ടതായിരുന്നു വിമാനം. 700 നോട്ടിക്കല്‍ മൈല്‍ അകലമാണ് (ഏകദേശം 1,300 കിലോമീറ്റര്‍) വിമാനത്തിനു യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. റഡാറില്‍ വിമാനം അവസാനമായി കണ്ടത് 8.12നാണെന്നും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അവസാന സന്ദേശം ലഭിക്കുമ്പോള്‍ വിമാനം ചെന്നൈയില്‍ നിന്ന് 280 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. എല്ലാ അത്യാധുനിക സജ്ജീകരണങ്ങളുമുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വിശ്വാസയോഗ്യമായ റഷ്യന്‍ നിര്‍മിത വിമാനമാണ് എഎന്‍ 32. നാവികസേനയും വ്യോമസേനയും ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. നാല് ആധുനിക കപ്പലുകള്‍ ഈ ഭാഗത്ത് എത്തി. മൊത്തം 12 കപ്പലുകളിലാണു തിരച്ചില്‍ പുരോഗമിക്കുന്നത്. പരിശോധന രാത്രി വൈകിയും തുടരുന്നതായി വ്യോമസേന അറിയിച്ചു. വിമാനം കടന്നുപോവുന്ന സമുദ്രപാതയിലാണു കപ്പലുകള്‍ തിരയുന്നത്.
നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കര്‍മുഖ്, ഘരിയല്‍, ജ്യോതി, കുത്താര്‍ എന്നീ കപ്പലുകളുമാണു തിരച്ചിലിനു നേതൃത്വംനല്‍കുന്നത്. വിമാനം അപകടത്തില്‍പ്പെടുകയോ മറ്റോ ചെയ്താല്‍ പ്രവര്‍ത്തനസജ്ജമാവുന്ന ഏമര്‍ജന്‍സി ലൊക്കേറ്ററിന്റെ സൂചനകള്‍ കടലിനടിയില്‍ നിന്നു ലഭിക്കുന്നുണ്ടോയെന്നും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. തിരിച്ചിലിന് ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക