|    Nov 17 Sat, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വ്യോമസേനാ രക്ഷാപ്രവര്‍ത്തനത്തിന് മലയാളിക്കരുത്തിന്റെ തിളക്കം

Published : 27th August 2018 | Posted By: kasim kzm

എസ് ഷാജഹാന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമസേനയുടെ സേവനങ്ങള്‍ക്ക് ഊര്‍ജം കൂട്ടിയതു മലയാളിക്കരുത്ത്. ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കി ആവശ്യമറിഞ്ഞുള്ള രക്ഷാപ്രവര്‍ത്തനമാണു വ്യോമസേന നടത്തിയത്. കേരളത്തില്‍ പൊതുവേ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പ് അധികം വേണ്ടിവന്നിട്ടില്ലാത്തതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പൈലറ്റുമാര്‍ക്കും പ്രാദേശികമായി മുന്നേറാനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനും ഏറെ സഹായകമായത് ഈ മലയാളി ഉദ്യോഗസ്ഥരുടെ വിന്യാസമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മലയാളികളുടെ സമചിത്തതയും പരസ്പര സ്നേഹവും വ്യക്തമാവുന്ന അനുഭവങ്ങളാണു തങ്ങള്‍ക്കുണ്ടായതെന്നു വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണവും അവര്‍ അടയാളപ്പെടുത്തുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ജീന്‍ ജോസഫ്, ഫ്—ളൈറ്റ് ലഫ്റ്റനന്റ് ജോസഫ് കോശി, സ്‌ക്വാഡ്രന്‍ ലീഡര്‍ അന്‍ഷാ വി തോമസ് എന്നിവരും കൊച്ചിയില്‍ സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, മലപ്പുറത്ത് സക്കറിയ, തൃശൂരില്‍ റോസ്ചന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനും ഏകോപനത്തിനുമായി രംഗത്തുണ്ടായിരുന്നു. ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപറേറ്റിങ് സെന്ററില്‍ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിങ് കമാന്‍ഡര്‍ എം എസ് മാത്യുവുമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ടാസ്‌ക് ഫോഴ്—സ് കമാന്‍ഡറായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ ജീന്‍ ജോസഫ്. കെടുതിയില്‍പ്പെട്ടു രക്ഷയ്ക്കായി കേഴുമ്പോഴും സമചിത്തയോടെ ആവശ്യമറിഞ്ഞ് കൂടുതല്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള വലിയ മനസ്സും നന്‍മയുമാണ് മലയാളികള്‍ കാട്ടിയതെന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ ജീന്‍ ജോസഫ് പറയുന്നു. ഹെലികോപ്റ്ററുകള്‍ രക്ഷിക്കാനെത്തുമ്പോള്‍ രണ്ടാം നിലയുടെ മുകളില്‍ നില്‍ക്കുന്നവര്‍ സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനു പകരം കൂടുതല്‍ രക്ഷ ആവശ്യമുള്ള ഒരു നിലയിലുള്ള വീടുകളിലും മറ്റും നില്‍ക്കുന്നവരെ കാണിച്ചുതരികയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെങ്ങന്നൂരില്‍ നിന്നുകൊണ്ടു ആലപ്പുഴ മേഖലയിലെ ദൗത്യങ്ങള്‍ക്ക് ഏകോപനം നല്‍കിയത് ഇടുക്കി പഴയരിക്കണ്ടം സ്വദേശിനി സ്‌ക്വാഡ്രന്‍ ലീഡര്‍ അന്‍ഷാ വി തോമസാണ്. പത്തനംതിട്ട ജില്ലയിലെ ചുമതലയില്‍ ഉണ്ടായിരുന്ന ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ജോസഫ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍കാരനാണ്. തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്താണു ജീന്‍ ജോസഫിന്റെ പ്രവര്‍ത്തന മേഖല. കോയമ്പത്തൂര്‍ സൂളൂര്‍ ബേസില്‍ നിന്നാണ് ജോസഫ് കോശിയും അന്‍ഷ വി തോമസും രക്ഷാദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും കാര്യക്ഷമമായ ഇടപെടലുകളും നിര്‍ദേശങ്ങളും മികച്ച പ്രവര്‍ത്തനം നടത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ മലയാളി സംഘം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss