|    Jan 16 Mon, 2017 6:39 pm

വ്യോമയാന മന്ത്രാലയത്തിന്റെ അതിവേഗ സുരക്ഷാ പരിശോധന ഇന്നും നാളെയും

Published : 5th October 2015 | Posted By: RKN

കെ വി സുബ്രഹ്മണ്യന്‍

 

 

കൊല്ലങ്കോട്: ബംഗളൂരു ആസ്ഥാനമായ വ്യോമയാന മന്ത്രാലയത്തിന്റെ റെയില്‍വേ സുരക്ഷാകമ്മിഷണറുടെ നേതൃത്വത്തില്‍ ഇരട്ടിപ്പിച്ച പാലക്കാട്-പൊള്ളാച്ചി പാതയില്‍ ഇന്നും നാളെയും സുരക്ഷാ പരിശോധന നടത്തും. ഇന്ന് ഉച്ചയ്ക്കു രണ്ടിനും ആറിനുമിടയില്‍ അതിവേഗ ട്രെയിന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലാണു പരീക്ഷണ ഓട്ടം. രണ്ടുദിവസവും ട്രാക്ക് മുറിച്ചുകടക്കുന്നതും പാളത്തിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സിംഗിള്‍ ലൈനില്‍ നിന്നും ഡബില്‍ ലൈനാക്കി മാറ്റിയ ലൈന്‍ സര്‍വീസിനു യോഗ്യമെന്ന് ഉറപ്പുവരുത്താനാണു സുരക്ഷാ കമ്മിഷണര്‍ സതീഷ്‌കുമാര്‍ മീത്തല്‍ നേരിട്ടു പരിശോധന നടത്തുന്നത്.

റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, നിര്‍മാണവിഭാഗം ചീഫ് എന്‍ജിനീയര്‍, ഡിവിഷനുകളുടെ തലവന്‍മാര്‍ എന്നിങ്ങനെ വിവിധ വകുപ്പുകളിലായി മുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തുന്നത്.ഇന്ന് മോട്ടോര്‍ ട്രോളിയിലാണു പരിശോധന. സിഗ്‌നല്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ പരിശോധന കഴിഞ്ഞദിവസങ്ങളില്‍ നടന്നിരുന്നു. ലൈനിലെ മിനുക്കുപണികളും കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഗേജ് മാറ്റത്തിനായി 2008 ഡിസംബര്‍ 10നാണ് പാതയിലൂടെയുള്ള സര്‍വീസ് നിര്‍ത്തിയത്. 54 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് ഇതുവരെ 350 കോടിയോളം രൂപ ചെലവഴിച്ചതായാണ് റെയില്‍വേ പറയുന്നത്.

ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ ഓട്ടത്തിനായുള്ള പ്രധാന പരിശോധന ഉല്‍സവമാക്കാന്‍ നാട്ടുകാരും തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ മാസം ഒമ്പതാം തിയ്യതി ഇതുവഴി പരീക്ഷണ ഓട്ടം പൂര്‍ത്തിയായതോടെയാണ് സുരക്ഷാ വിഭാഗം പരിശോധനയക്ക് എത്തുന്നത്. പാലക്കാട് നിന്നും തുടങ്ങുന്ന പരിശോധന ഇന്ന് രാവിലെ പുതുനഗരത്തും ഉച്ചയ്ക്ക് കൊല്ലങ്കോടും എത്തിച്ചേരുന്ന സംഘത്തെ വരവേല്‍ക്കാന്‍ സ്‌റ്റേഷനില്‍ പ്രത്യേകം തയ്യാറെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. കമ്മീഷന്‍ അംഗങ്ങളേയും ഉയര്‍ന്ന ഉദ്യോഗസ്ഥരേയും വരവേല്‍ക്കാനും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യാനും തീരുമാനിച്ചതായി ഊട്ടറ കൊല്ലങ്കോട് റെയില്‍ ബസ്-പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വെങ്കിടേഷ് മുരുകന്‍, കെ വി സുബ്രഹ്മണ്യന്‍ അറിയിച്ചു. ഉച്ചഭക്ഷണശേഷം മീനാക്ഷിപുരം സ്‌റ്റേഷന്‍ വരെ പരിശോധന നടത്തി ആദ്യ ദിവസത്തിലെ പരിശോധന നിര്‍ത്തും. തുടര്‍ന്ന് രണ്ടാം ദിവസം മീനാക്ഷിപുരം മുതല്‍ പൊള്ളാച്ചി വരെ പരിശോധന നടത്തിയ ശേഷം പ്രത്യേക ട്രെയിന്‍ ഉപയോഗിച്ച് അതിവേഗത പരീക്ഷണ ഓട്ടം നടത്തും.

ഇതിന് ശേഷം റെയില്‍വേ ബോര്‍ഡിലേക്ക് റിപോര്‍ട്ട് നല്‍കിയാണ് പാലക്കാട്-പൊള്ളാച്ചി ലൈന്‍ കമ്മീഷന്‍ ചെയ്യലും, ഇതുവഴി ഓടേണ്ട ട്രെയിനുകളുടെ വിവരങ്ങളും പുറത്തു വിടുകയുള്ളൂ. പാലക്കാട്, പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴ് റെയില്‍വേ മേല്‍പ്പാലങ്ങളും രണ്ട് വലിയ പാലവും 129 ചെറിയ പാലങ്ങളുമുണ്ട്. ഇതു വഴി 35 ലെവല്‍ ക്രോസുകളുള്ളതില്‍ ആറെണ്ണം ആളില്ലാത്താവയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക