|    Nov 21 Wed, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വ്യാപാര യുദ്ധവുമായി യുഎസ് മുന്നോട്ട്; മറ്റു സഖ്യങ്ങള്‍ തേടുമെന്ന് തുര്‍ക്കിയുഎസ്- തുര്‍ക്കി ബന്ധം വഷളാവുന്നു

Published : 12th August 2018 | Posted By: kasim kzm

ആങ്കറ: വ്യാപാര യുദ്ധത്തെ തുടര്‍ന്ന് യുഎസ്-തുര്‍ക്കി ബന്ധം വഷളാവുന്നു. തുര്‍ക്കിക്കെതിരേ വ്യാപാര യുദ്ധവുമായി യുഎസ് മുന്നോട്ടുപോവുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. തുര്‍ക്കിയുടെ സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് തീരുമാനിച്ചിരുന്നു. തുര്‍ക്കിയുമായുള്ള തങ്ങളുടെ ബന്ധം ഇപ്പോള്‍ അത്ര നല്ലതല്ലെന്നായിരുന്നു സാമ്പത്തിക നടപടികള്‍ പ്രഖ്യാപിക്കവേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്.
തുര്‍ക്കിക്കെതിരേ കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കായി യുഎസ് ഒരുങ്ങുന്നതായും സൂചനകളുണ്ട്. യുഎസുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലെത്തിയതായുള്ള തുര്‍ക്കിയുടെ പ്രതികരണം ഇന്നലെ പുറത്തുവന്നു. തങ്ങള്‍ പുതിയ സഖ്യകക്ഷികളെ തേടുകയാണെന്നു തുര്‍ക്കി യുഎസിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. യുഎസ് തീരുമാനത്തെ ന്യായീകരിക്കാനാവില്ല. അവരുടെ തീരുമാനത്തിനു പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുര്‍ക്കിയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതാണ് ഈ തീരുമാനമെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു. തുര്‍ക്കിയുടെ പരമാധികാരത്തെ യുഎസ് അംഗീകരിക്കണമെന്നു പ്രസിഡന്റ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. യുഎസുമായുള്ള ബന്ധം തകര്‍ച്ചയിലേക്ക് പോവുകയാണ്. ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായും ചില യൂറോപ്യന്‍ രാജ്യങ്ങളുമായും തുര്‍ക്കിക്ക് ബദല്‍ മാര്‍ഗങ്ങള്‍ക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
തുര്‍ക്കിക്കെതിരേയുള്ള യുഎസിന്റെ നീക്കത്തില്‍ ഇറാന്‍ അമര്‍ഷം രേഖപ്പെടുത്തി. മറ്റു രാജ്യങ്ങളെ ഉപരോധങ്ങളിലൂടെയും സാമ്പത്തിക നടപടിയിലൂടെയും പരിഹസിക്കുന്നത് യുഎസിന്റെ സ്ഥിരം നടപടിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. തുര്‍ക്കിക്കൊപ്പമാണ് എല്ലാ കാലത്തും നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നു ശരീഫ് പറഞ്ഞു. നേരത്തേ ഇറാനെതിരേ ട്രംപ് കൊണ്ടുവന്ന ഉപരോധത്തെ തുര്‍ക്കി തള്ളിയിരുന്നു.
യുഎസ് വൈദികനായ ആന്‍ഡ്രൂ ബ്രണ്‍സനെതിരേ തുര്‍ക്കി നിയമനടപടികള്‍ സ്വീകരിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച ഭിന്നതയാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. നിരോധിത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായും വിവാദ പണ്ഡിതന്‍ ഫത്ഹുല്ല ഗുലനുമായും ബന്ധം ആരോപിച്ചു ബ്രണ്‍സനെ തുര്‍ക്കി അറസ്റ്റ് ചെയ്തിരുന്നു. കാര്യമായ തെളിവില്ലാതെയാണ് പാസ്റ്ററെ അദ്ദേഹത്തെ ചെയ്തിരിക്കുന്നതെന്നാണ് യുഎസിന്റെ വാദം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss