|    Nov 13 Tue, 2018 1:28 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വ്യാപാര യുദ്ധത്തിന്റെ നിഴലില്‍

Published : 10th May 2018 | Posted By: kasim kzm

ടി  ജി  ജേക്കബ്
‘അമേരിക്ക ഒന്നാമത്’ എന്ന മുദ്രാവാക്യമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ സൂക്തവാക്യം. സമ്പദ്ഘടനയില്‍ കൂടുതല്‍ തൊഴില്‍സാധ്യതകള്‍ ഉണ്ടാക്കുക, അതിനു വേണ്ടി സ്വതന്ത്ര വ്യാപാരത്തിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരുക, വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തിന് കര്‍ശനമായി കടിഞ്ഞാണിടുക തുടങ്ങിയവയാണ് ട്രംപിന്റെ ‘അമേരിക്ക ഒന്നാമത്’ പരിപാടിയുടെ ആദ്യഘട്ട അടിസ്ഥാനതത്ത്വങ്ങള്‍. അതിപ്പോള്‍ സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തിരഞ്ഞെടുത്ത രാജ്യങ്ങളെ ഉന്നംവച്ച് ഇറക്കുമതികള്‍ക്കു കടിഞ്ഞാണിടുന്നതില്‍ എത്തിയിരിക്കുന്നു. ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതു വഴി അമേരിക്കന്‍ ഉല്‍പാദനം വര്‍ധിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അങ്ങനെ 1980കള്‍ തൊട്ട് ഏതാണ്ട് സ്ഥിരം സ്വഭാവമായി മാറിക്കഴിഞ്ഞ സാമ്പത്തികമാന്ദ്യത്തില്‍ നിന്നു കരകയറാന്‍ കഴിയുമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.
ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന എന്ന നിലയിലും ഈ സമ്പദ്ഘടനയുടെ ഇറക്കുമതിയിന്മേലുള്ള ആശ്രിതത്വം ഭീമമായതിനാലും അമേരിക്കന്‍ ഇറക്കുമതി-കയറ്റുമതി നയങ്ങളിലുള്ള മാറ്റങ്ങള്‍ ആഗോള വ്യാപകമായി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതു തീര്‍ച്ചയാണ്. അത് എത്രമാത്രം അമേരിക്കയെ സഹായിക്കും, അതായത്, അമേരിക്കന്‍ സാമ്പത്തിക ആധിപത്യം നിലനിര്‍ത്താന്‍ ഉതകും എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഡോളറിന്റെ മേല്‍ക്കോയ്മ ഈ ആധിപത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ട്രംപ് പ്രസിഡന്റ് ആയതിനുശേഷം ഒട്ടും താമസിയാതെ തന്നെ പുറപ്പെടുവിച്ച ഒരു പ്രധാന നയപ്രഖ്യാപനമായിരുന്നു ‘ഏഷ്യ അസ്ഥിരമാവുന്നു’ എന്നത്. ഇതു പ്രധാനമായും ലോകത്തിലെ രണ്ടാമത്തെ സമ്പദ്ഘടനയായ ചൈനയെ ലക്ഷ്യം വച്ചായിരുന്നു. ഇപ്പോള്‍ വ്യാപാരയുദ്ധത്തിന് അങ്കംകുറിക്കുന്നതും ചൈനയെ ലാക്കാക്കിയാണ്. ചൈനയുമായുള്ള വ്യാപാരക്കമ്മി (375 ബില്യണ്‍ ഡോളര്‍- 2017) അതിഭീമമാണ്. അതിനും പുറമെ ചൈനയുമായി ഒത്തുള്ള സംയുക്ത സംരംഭങ്ങളില്‍ കൂടി 300 ബില്യണ്‍ ഡോളറിന്റെ ബൗദ്ധിക സ്വത്തവകാശ ‘മോഷണ’വും ചൈന നടത്തുന്നുണ്ട് എന്നാണ് ട്രംപിന്റെ വാദം. ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍ ചൈനയുമായുള്ള വ്യാപാരക്കമ്മി ഒരുവര്‍ഷം 20 ലക്ഷത്തിലധികം തൊഴിലുകള്‍ ചൈനയില്‍ സൃഷ്ടിക്കുകയും അത്രയും തന്നെ തൊഴിലുകള്‍ അമേരിക്കയ്ക്കു നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ്. അതുകൊണ്ട് വ്യാപാരക്കമ്മി ഇല്ലാതാവുന്നത്, കുറഞ്ഞപക്ഷം കാര്യമായി കുറയ്ക്കുന്നത്, അമേരിക്കയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ലോകതലത്തിലെ ഈ ഭീമന്‍ സമ്പദ്ഘടനയുടെ ഘടനാപരമായ ദൗര്‍ബല്യവും നിവൃത്തികേടുമാണ് ഇങ്ങനെയുള്ള വാദങ്ങള്‍ പ്രത്യക്ഷമായി ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കന്‍ സമ്പദ്ഘടന കടങ്ങളുടെ മുകളില്‍ പൊങ്ങിക്കിടക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് പറയുന്നത്, ഡോളറിന്റെ മേധാവിത്വം ഒരു വ്യാജ നിര്‍മാണമാണെന്ന്. ഈ കടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുതലാളി ചൈനയാണ്. കഴിഞ്ഞ ജനുവരിയിലെ അമേരിക്കന്‍ കണക്കുകളനുസരിച്ച് 1.17 ട്രില്യണ്‍ ഡോളര്‍ കടപ്പത്രങ്ങളാണ് ചൈനയുടെ അധീനതയില്‍. ഇത് ‘അമേരിക്ക ഒന്നാമത്’ എന്ന സൂക്തത്തിനൊട്ടും നിരക്കുന്നതല്ല. ഇത്രയും ഭാരിച്ച കടം അമേരിക്കയില്‍ നിക്ഷേപങ്ങളായി മാറുമ്പോള്‍ സമ്പദ്ഘടനയിലുള്ള ചൈനീസ് സ്വാധീനം കുറേക്കൂടി ശക്തമാവും. അതുകൊണ്ടാണ് ട്രംപ് ഭരണകൂടം ഇറക്കുമതിയിന്മേലുള്ള തീരുവ വര്‍ധിപ്പിക്കുക മാത്രമല്ല, ചൈനീസ് ഡോളര്‍ നിക്ഷേപങ്ങള്‍ക്കും നിബന്ധനകള്‍ കൊണ്ടുവരുന്നത്.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങളില്‍ ചൈനീസ് നിക്ഷേപങ്ങള്‍ വരുന്നതിനു തടയിടുകയാണീ നിബന്ധനകളുടെ ലക്ഷ്യം. സ്വതന്ത്ര വ്യാപാരവും മറ്റും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു വെല്ലുവിളിയാവുമ്പോള്‍ അതിനൊക്കെ കത്തിവയ്ക്കും; അല്ലാത്തപ്പോള്‍ അവയ്ക്കു വേണ്ടി മുറവിളി കൂട്ടും. ലോകബാങ്കിനെയും മറ്റു സൂപ്പര്‍ ബാങ്കുകളെയും ഉപയോഗിച്ച് രാജ്യങ്ങളുടെ സാമ്പത്തികനയങ്ങള്‍ മാറ്റിമറിക്കും. ലോകാധിപത്യം അത്ര എളുപ്പമല്ല എന്നാണ് ഈ നാണംകെട്ട അവസരവാദം അടിവരയിടുന്നത്.
ചൈനയുടെ മറുപടി നാണയത്തിന്റെ മറുവശമാണ്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയുടെ മേല്‍ തീരുവ ഉയര്‍ത്തുന്ന മുതലാളിത്ത ദേശരാഷ്ട്ര സാമ്പത്തികതത്ത്വങ്ങളില്‍ അധിഷ്ഠിതമായ മറുപടിയാണിത്. അതേസമയം തന്നെ തന്ത്രപ്രാധാന്യമുള്ള നിക്ഷേപ സൗകര്യങ്ങള്‍ക്കു വേണ്ടി വ്യാപാരക്കമ്മിയുടെ മേല്‍ ചര്‍ച്ചകളാവാം. അങ്ങനെയുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ അമേരിക്കന്‍ നിലപാടിന്റെ വ്യര്‍ഥത ചൈന ചൂണ്ടിക്കാണിക്കുന്നുമുണ്ട്. വ്യാപാരയുദ്ധം മുറുകിയാല്‍ അത് അമേരിക്കയെ തന്നെയായിരിക്കും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് എന്നാണവരുടെ ഭാഷ്യം. അതായത്, ഭാരിച്ച കല്ലെടുത്തു പൊക്കി സ്വന്തം പാദങ്ങളില്‍ ഇടുകയാണെന്നര്‍ഥം.
ലോകത്തെ ഒന്നാമതും രണ്ടാമതും ആയി അവരോധിക്കപ്പെട്ടിരിക്കുന്ന മ്പമ്പദ്ഘടനകള്‍ തമ്മിലാണീ കിടമല്‍സരം എന്ന വസ്തുത, ലോകാധിപത്യം കൈയാളുന്ന ഡോളറും ആ കറന്‍സിയുടെ ഏറ്റവും ഭീമന്‍ ബാലന്‍സുള്ള സമ്പദ്ഘടനയും തമ്മിലാണീ മല്‍സരം എന്ന വസ്തുത, തീര്‍ച്ചയായും ചൂണ്ടിക്കാണിക്കുന്നത് ലോക മുതലാളിത്ത വ്യവസ്ഥയില്‍ അന്തര്‍ലീനമായിരിക്കുന്ന അടിസ്ഥാന ദൗര്‍ബല്യവും വൈരുധ്യവും എന്നത്തേക്കാളും മറകള്‍ നീക്കി പുറത്തുവരുന്ന അവസ്ഥയാണ്.
ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ പങ്ക് അഭൂതപൂര്‍വമായി വളരുന്നതിന്റെ പ്രധാന കാരണം അധ്വാനശക്തിയുടെ വിലക്കുറവും അതിന്റെ ഫലമായി ഉല്‍പാദനച്ചെലവിലുള്ള കുറവുമാണ്. അന്തര്‍ദേശീയ വ്യാപാരബന്ധങ്ങളില്‍ ഇതു ചൈനയ്ക്ക് അനുകൂലമായ അവസ്ഥയുണ്ടാക്കുന്നു. ചൈനീസ് ഉല്‍പന്നങ്ങളുടെ ഗുണമേന്‍മ കുറവായിരിക്കാം. പക്ഷേ, അവയുടെ കമ്പോളവില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ചും വികസിതരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.  ഇറക്കുമതിത്തീരുവകള്‍ വര്‍ധിപ്പിക്കുന്നതു വഴി ട്രംപ് ഭരണകൂടം ലക്ഷ്യമാക്കുന്നത് ചൈനീസ് ഉല്‍പന്നങ്ങളുടെ വിപണിയിലുള്ള അനുകൂല സാഹചര്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഇടപെടലാണ്. ഇതു സംഭവിക്കുമ്പോള്‍ ചൈനയില്‍ സ്വാഭാവികമായും വ്യവസായങ്ങളുടെ വളര്‍ച്ചാനിരക്ക് ഇടിയും. ഒരുപക്ഷേ, പലതും പൂട്ടേണ്ടിവരും. മൂലധന നിക്ഷേപങ്ങള്‍ മന്ദഗതിയിലാവും. ചുരുക്കംപറഞ്ഞാല്‍ സമ്പദ്ഘടന മാന്ദ്യമാകും. തൊഴിലുകള്‍ നഷ്ടപ്പെടും. ചൈനയില്‍ നഷ്ടമാവുന്ന തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ പുതുതായി സൃഷ്ടിക്കപ്പെടുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങനെയുള്ള 1=1 എന്ന ഫോര്‍മുല അതിസങ്കീര്‍ണമായ ലോക സമ്പദ്‌വ്യവസ്ഥയില്‍ നടപ്പാകുമോ എന്നതു കണ്ടറിയണം. കാര്യങ്ങള്‍ ലളിതവല്‍ക്കരിച്ചാല്‍, ഘടനാപരമായ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമോ അതോ, കൂടുതല്‍ രാഷ്ട്രീയ, സമ്പദ്ഘടനാ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമോ എന്നതാണ് കാതലായ കാര്യം. വ്യാപാരയുദ്ധം നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേ ഉള്ളൂവെന്നും രഘുറാം രാജന്‍ പറഞ്ഞത് ഈ സാഹചര്യത്തില്‍ യാഥാര്‍ഥ്യബോധം ഉള്‍ക്കൊള്ളുന്നു.
അമേരിക്ക-ചൈന വ്യാപാരതര്‍ക്കങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കിയ അഭിപ്രായങ്ങള്‍ ബാലിശവും വിചിത്രവുമായിരുന്നു. ട്രംപിന്റെ ചൈനാ ഭീഷണിപ്പെടുത്തല്‍ പുറത്തുവന്ന ഉടനെ തന്നെ ഇവിടത്തെ ‘ദേശാഭിമാനികള്‍’ വീണുകിട്ടിയ അവസരം മുതലെടുക്കുക എന്ന പാട്ടാണു പാടിയത്. അതായത്, ചൈനയ്ക്ക് ഏല്‍ക്കുന്ന പ്രഹരം ഒരു വിള്ളലുണ്ടാക്കുമെന്നും അതിലേക്ക് ഇന്ത്യ എടുത്തുചാടണമെന്നും അവര്‍ ഉദ്‌ഘോഷിച്ചു. അമേരിക്കയെക്കുറിച്ചും ചൈനയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള അവരുടെ വിവരക്കേടാണിതു കാണിച്ചത്.                            ി

(അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss