|    Sep 24 Mon, 2018 1:14 pm
FLASH NEWS

വ്യാപാരി പെന്‍ഷനില്‍ കാലതാമസം ഒഴിവാക്കും: മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്

Published : 18th January 2017 | Posted By: fsq

 

കൊച്ചി: വ്യാപാരി ക്ഷേമബോര്‍ഡിന്റെ പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. വ്യാപാരക്ഷേമബോര്‍ഡിന്റെ കുടിശ്ശിക പെന്‍ഷന്‍ വിതരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരി ക്ഷേമ ബോര്‍ഡ് വഴി 11000 പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. കഴിഞ്ഞ 33 മാസമായി ഇവരുടെ പെന്‍ഷന്‍ മുടങ്ങിയിരുന്നു. 14.5 കോടി രൂപ സര്‍ക്കാര്‍ ക്ഷേമനിധിക്ക് കൈമാറിയതിനു ശേഷമാണ് ഇപ്പോള്‍ കുടിശ്ശിക വിതരണം ചെയ്യുന്നത്. 26,500 രൂപ മുതല്‍ 38,050 രൂപ വരെയാണ് കുടിശ്ശികയായി വ്യാപാരികള്‍ക്ക് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം എത്രയും വേഗം കംപ്യൂട്ടര്‍വല്‍ക്കരിക്കും. പെന്‍ഷന്‍ കൃത്യമായി ബാങ്കുകളിലെത്തിക്കാന്‍ നടപടിയെടുക്കും. ക്ഷേമനിധിയിലേക്കുള്ള പണമടയ്ക്കാന്‍ എല്ലാ ജില്ലകളിലും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 750 രൂപ മുതല്‍ 1000 രൂപ വരെയായിരുന്നു നേരത്തെ നിലവിലിരുന്ന പെന്‍ഷന്‍ നിരക്കുകള്‍. എറ്റവും കുറഞ്ഞ ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കിയിട്ടുണ്ട്. ചെറുകിട വ്യാപാരികളെ മല്‍സരശേഷിയുള്ളവരാക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. ചെറുകിടവ്യാപാരികള്‍ ഒരുമിച്ച് ചേര്‍ന്ന് ബസാറുകള്‍ രൂപീകരിക്കുകയും ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ ന്യായവിലയ്ക്കു നല്‍കുകയും ചെയ്യണം. മാര്‍ക്കറ്റ് നവീകരിക്കുന്നതിന് വ്യാപാരസംഘടനകള്‍ മുന്നോട്ടുവന്നാല്‍ സര്‍ക്കാര്‍ സഹായിക്കും.രാജ്യത്തെ വ്യാപാരമേഖലയ്ക്ക് ഇത്രയുമധികം തിരിച്ചടിയുണ്ടായ കാലം വേറെയില്ല. നോട്ട് നിരോധനം വ്യാപാരമേഖലയെ കഠിനമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ 14 ലക്ഷം വ്യാപാരികളില്‍ കറന്‍സിരഹിതപണമിടപാടിലൂടെ വ്യാപാരം നടത്താന്‍ ശേഷിയുള്ളവര്‍ 35,000 പേര്‍ മാത്രമാണ്. നോട്ട് നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഉപഭോക്താക്കളെ വന്‍കിട കച്ചവടസ്ഥാപനങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. കറന്‍സിയുടെ ലഭ്യത ഉറപ്പായാല്‍ തന്നെ ഈ നഷ്ടപ്പെട്ട ഉപഭോക്താക്കളെ ചെറുകിട വ്യാപാരികള്‍ക്ക് തിരികെ ലഭിക്കാന്‍ സാധ്യതയില്ല. ചെറുകിടക്കാരെ പിടിച്ചു ഞെരുക്കി വന്‍കിടക്കാര്‍ക്ക് മെച്ചം നല്‍കുന്ന സാമ്പത്തിക അനീതിയാണിത്. വന്‍കിട കച്ചവടക്കാരോട് സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ ചെറുകിടക്കാരെ സംരക്ഷിക്കുകയും അവര്‍ക്ക് ആശ്വാസം നല്‍്കുന്ന നടപടികളെക്കുറിച്ച്  ആലോചിക്കുകയും ചെയ്യണമെന്നും  മന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യാപാരിക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ എസ് ബിജു, കേരള വ്യാപാരി വ്യവസായി എകോപനസമിതി ജില്ലാ പ്രസിഡന്റ്് പി എ എം ഇബ്രാഹിം, സെക്രട്ടറി സി എ ജലീല്‍, വ്യാപാരി ക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി എസ് മിനി, മെമ്പര്‍ കെ എന്‍ മര്‍സൂക്ക്  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss