|    Jun 21 Thu, 2018 12:49 am
FLASH NEWS

വ്യാപാരിയെ വെട്ടിക്കൊന്ന കേസ്: അഞ്ചുപ്രതികള്‍ അറസ്റ്റില്‍

Published : 6th April 2016 | Posted By: SMR

കാട്ടാക്കട: ആമച്ചലില്‍ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആമച്ചല്‍, വലിയവിള, ജോര്‍ജ് ഭവനില്‍ കരിമന്‍ അനി എന്നുവിളിക്കുന്ന അനില്‍ജോര്‍ജ് (35), ആമച്ചല്‍, ആലുംമൂട് കള്ളിക്കാട് താഴേ പുത്തന്‍ വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന വിഷ്ണു ആര്‍ എസ് നായര്‍ (26), വെളിയംകോട് ചെറുതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനീഷ് എന്ന ലാലു (29), പള്ളിച്ചല്‍, കണ്ടറത്തേരി എന്‍എസ്എസ് കരയോഗത്തിന് സമീപം തോട്ടിന്‍കര വയല്‍ നികത്തിയ വീട്ടില്‍ ജെയിംസ് ജയന്‍ (38), ആമച്ചല്‍ ഉദിയന്‍കോണം കിഴക്കുംകര പുത്തന്‍വീട്ടില്‍ സജീവ് എന്ന സജി (35) എന്നിവരാണ് അറസ്റ്റിലായത്.
ഇനി ഈ കേസില്‍ പൂജപ്പുര ഡോ. പൈ ലൈനില്‍ നിന്നും ഉള്ളൂര്‍ ഇടവക്കോട് വായനശാലയ്ക്ക് സമീപം പൊറ്റയില്‍ വീട്ടില്‍ പ്രദീപ് (30) നെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇയാള്‍ ഒളിവിലാണ്. ആമച്ചല്‍ ചന്ദ്രന്മംഗലം സാനി നിവാസില്‍ വ്യാപാരിയായ ചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ- മരണപ്പെട്ട ചന്ദ്രന്‍ അനില്‍ ജോര്‍ജിന്റെ സഹോദരിയേയും കുടുംബത്തേയും കുറിച്ച് അപവാദം പറഞ്ഞ് പരത്തിയതില്‍ ഉണ്ടായ വിരോധത്തില്‍ ഇയാളെ കൊലപ്പെടുത്താന്‍ സ്ഥലത്തെ ക്രിമിനലായ വിഷ്ണു ആര്‍ എസ് നായരെ അനില്‍ ഏല്‍പ്പിച്ചു. വിഷ്ണുവും സിറ്റിയിലെ ഗുണ്ടയായ പ്രദീപും കഞ്ചാവ് കഞ്ചവടക്കാരനായ ലാലു, ആമച്ചല്‍ സ്വദേശിയായ സജീവ് എന്നിവരുമായി ചേര്‍ന്ന് ചന്ദ്രനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ഇക്കഴിഞ്ഞ 27ന് രാത്രിയില്‍ ജെയിംസിന്റെ പള്ളിച്ചലിലുള്ള വീട്ടിലിരുന്ന് മദ്യപിച്ചശേഷം രാത്രി 10 ഓടെ വിഷ്ണുവിന്റെ ബൈക്കില്‍ പ്രദീപും ലാലുവും വെട്ടുകത്തി, കൊടുവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി എത്തുകയും സംഭവസ്ഥലത്തിന് സമീപത്ത് പതുങ്ങിയിരിക്കുകയും ചെയ്തു. കടയടച്ച് വീട്ടിലേയ്ക്ക് നടന്നുപോയ ചന്ദ്രനെ ബൈക്കില്‍ പിന്തുടരുകയും തുടര്‍ന്ന് ഇരുവരും ഇറങ്ങി മാരകമായി വെട്ടി ഓടയില്‍ തള്ളുകയുമായിരുന്നു.
ആളറിയാതിരിക്കാന്‍ വിഷ്ണു ബൈക്ക് മാറ്റിനിര്‍ത്തിയിരുന്നു. ഇയാള്‍ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം വിഷ്ണു തിരികെ ചന്ദ്രന്‍ കിടന്നതിനരികില്‍ വന്നു ഇരുവരെയും കയറ്റി സംഭവസ്ഥത്തുനിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് ജെയിംസിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തി തെളിവ് നശിപ്പിക്കുന്നതിനായി സജിയും ജെയിംസും ചേര്‍ന്ന് ആയുധങ്ങള്‍ കഴുകി വൃത്തിയാക്കിയശേഷം ഒളിവില്‍പ്പോവുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ ചന്ദ്രന് വെട്ടിയയാളെ തിരിച്ചറിയാന്‍ സാധിക്കാതിരുന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലിസിന് തടസ്സമായി. തുടര്‍ന്ന് ചന്ദ്രനോട് വിരോധമുള്ള ആളുകളെ കുറിച്ച് നടത്തിയ അന്വേഷത്തിലാണ് സുപ്രധാന തെളിവുകള്‍ ലഭിച്ചത്. റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് ഐപിഎസിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി ശിവപ്രസാദ്, ഡിസിആര്‍ബി ഡിവൈഎസ്പി അജിത്ത് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ ബൈജുകുമാര്‍ (കാട്ടാക്കട), മഞ്ചുലാല്‍ (ആര്യനാട്), നസീര്‍(മലയിന്‍കീഴ്), സബ് ഇന്‍സ്‌പെക്ടര്‍മ്മാരായ ഡി ബിജുകുമാര്‍, ജി എസ് രതീഷ്, ഹേമന്ദ്, ശ്രീജേഷ്, എ എസ് ശാന്തകുമാറും റൂറല്‍ ഷാഡോ ടീമിലേയും കാട്ടാക്കടയിലെ പോലിസ് ഉദ്യോഗസ്ഥരും അഞ്ചംഗ ഷാഡോ പോലിസും അടങ്ങുന്ന അന്വേഷണ സംഘമാണ് സാക്ഷികളില്ലാത്ത ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പിടികിട്ടാനുള്ള പ്രതിയെകൂടി ഉടന്‍ പിടിയിലാവുമെന്ന് റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് ഐപിഎസ് കാട്ടാക്കടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി ശിവപ്രസാദും മറ്റ് അന്വേഷണ ഉദ്യാഗസ്ഥരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss