|    Jul 17 Tue, 2018 2:56 pm
FLASH NEWS

വ്യാപാരിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസ്: കുപ്രസിദ്ധ ഗുണ്ടയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Published : 13th August 2017 | Posted By: fsq

 

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ മേല്‍പാലത്തിന് സമീപം വ്യാപാരിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടംഗ സംഘത്തെ കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും ആലുവ ചുണങ്ങന്‍വേലി സ്വദേശിയുമായ വടക്കേലന്നഴ വീട്ടില്‍ ടോംജിത്ത് എന്ന അപ്പു(28), ഇരിങ്ങാലക്കുട പൊറുത്തശേരി സ്വദേശി ഇക്കണ്ടംപറമ്പില്‍ ജിഷ്ണു(22)എന്നിവരെയാണ് കൊരട്ടി പോലിസ് എസ്‌ഐ സുബീഷ് മോന്‍ അറസ്റ്റ് ചെയ്തത്. ഇരുവരുടേയും സുഹൃത്തായ മാള വലിയപറമ്പില്‍ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയുടെ പേരിലുള്ള കേസിന് ജാമ്യം എടുക്കുന്നതിനും പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പണം കണ്ടെത്തുന്നതിനായി പലദിവസങ്ങളിലും അങ്കമാലി, മഞ്ഞപ്ര, കൊരട്ടി, അഷ്ടമിച്ചിറ എന്നിവിടങ്ങളില്‍ കവര്‍ച്ചക്കായി തമ്പടിച്ചിരുന്നെങ്കിലും പദ്ധതി നടപ്പിലായില്ല. സംഭവ ദിവസം രാത്രി ഡിവൈന്‍നഗര്‍ വഴി ബൈക്കില്‍ വരികയായിരുന്ന ഇവര്‍ യാദൃശ്ചികമായാണ് മേല്‍പാലത്തിനിടിയിലെ വ്യാപാരസ്ഥാപനം കണ്ടത്. ഉടമ കടയടക്കാന്‍ ഒരുങ്ങുകയാണെന്ന് മനസ്സിലാക്കിയ സംഘം ബൈക്ക് നിര്‍ത്തി ഉടമയെ നിരീക്ഷിച്ചു. കടയടച്ച് പുറത്തിറങ്ങിയ വ്യാപാരിയെ ഇവര്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തില്‍ ചവിട്ടി പണടമങ്ങിയ ബാഗുമായി കാടുകുറ്റി ഭാഗത്തേക്ക് കടക്കുകയായിരുന്നു. ഗുരുതിപാല പാറമടക്ക് സമീപം ബൈക്ക് നിര്‍ത്തി പണം പങ്ക് വച്ച് ഇവര്‍ പിരിഞ്ഞു. രാത്രി നടന്ന സംഭവത്തില്‍ യാതൊരു തെളിവും പ്രാഥമിക അന്വേഷണത്തില്‍ പോലിസിന് ലഭിച്ചില്ല. എന്നാല്‍ സംഘം കൃത്യത്തിന് ശേഷം പോയ വഴിയെ സംബന്ധിത്ത് വ്യക്തമായ തെളിവ് ലഭിച്ചു. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ കേസുകളില്‍ ഉല്‍പെട്ടിട്ടുള്ളവരേയും ഇവിടെ നിന്ന് സ്ഥലം വിട്ട് പോയവരേയും കുറിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാള മേഖലയില്‍ കൊലപാതക കേസുകളിലും കവര്‍ച്ച കേസുകളിലും പ്രതിയായ പോലിസ് സംശയിക്കുന്ന ഒരാളെ സംഭവത്തിന് ശേഷം മാറ്റൊരു കേസില്‍ കോടതിയില്‍ സറണ്ടര്‍ആവുകയും ഇയാളുടെ കൂട്ടാളി സംഭവത്തിന് ശേഷം സ്ഥലം വിട്ടതായും പോലിസിന് വിവിരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ടോംജിത്ത് ഭാര്യയുമൊത്ത് കര്‍ണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചു. പ്രതികളെ വലയിലാക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയിലെത്തി കൊടുക് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഹോം നഴ്‌സായി ജോലിനോക്കുന്ന ടോംജിത്തിനെ തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇരിങ്ങാലക്കുട കീഴ്ത്താണിയില്‍ നിന്നാണ് ജിഷ്ണു പിടിയിലായത്. ടോംജിത്ത് 2012ല്‍ ഹര്‍ത്താല്‍ ദിനത്തില്‍ അഷ്ടമിച്ചിറയില്‍ കാര്‍ തകര്‍ത്ത കേസിലും മാള ടൗണിലെ ലോഡ്ജില്‍ ആയുധങ്ങളുമായി കവര്‍ച്ച ആസുത്രണം ചെയ്ത കേസിലും 2013ല്‍ മാള പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുതിപാല സ്വദേസിയായ യുവാവിനെ വെട്ടിപരിക്കേല്‍പിച്ച കേസിലും 2016ല്‍ പഴൂക്കരയില്‍ വച്ച് ഓട്ടോറിക്ഷ തകര്‍ത്ത് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലും കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ച കേസിലും പ്രതിയാണ്. പ്രതികളെ പിടികൂടാനായുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ ക്രൈം സ്‌ക്വാര്‍ഡ് എസ്‌ഐ വത്സകുമാര്‍, അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, അജിത് കുമാര്‍ വി എസ്, സില്‍ജോ വി യു, ഷിജോ തോമസ്, വനിത സിവില്‍ പോലിസ് ഓഫിസര്‍ ലീന സി വി എന്നിവരും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss